‘ഞാൻ എന്നെ തന്നെ വിശ്വസിക്കാതിരുന്നപ്പോഴും അദ്ദേഹം എന്നെ വിശ്വസിച്ചു’; ഹൃദയസ്പർശിയായ കുറിപ്പുമായി നിമിഷ സജയൻ

ഒരു കഥാപാത്രത്തിനായി ശരീരഭാരം കൂട്ടുന്നതും കുറയ്ക്കുന്നതും അഭിനേതാക്കളുടെ ഇടയിൽ പുതിയ കാര്യമല്ല. ഇപ്പോഴിതാ, കഥാപാത്രത്തിന്റെ പൂർണതയ്ക്കായി കൂട്ടിയ 14 കിലോ ഭാരം കുറയ്ക്കാൻ നേരിട്ട കഠിനമായ അനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് നടി നിമിഷ സജയൻ.
ബബിത സിംഗ് റിപ്പോർട്ടിംഗ്’ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായാണ് നിമിഷ 58 കിലോയിൽനിന്ന് 72 കിലോയാക്കി ഭാരം വർദ്ധിപ്പിച്ചത്. ഈ ഭാരം കുറച്ച് പഴയ സ്ഥിതിയിലേക്കെത്തുന്നതിനായി നടത്തിയ യാത്രയുടെ അനുഭവം വ്യത്യസ്തമായിരുന്നെന്നാണ് നിമിഷ പറയുന്നത്. ശരീരത്തിന് സംഭവിച്ച മാറ്റം പ്രകടമാക്കുന്ന രണ്ട് ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പിലാണ് ഇക്കാര്യങ്ങളെക്കുറിച്ച് നടി പറയുന്നത്.’
ആദ്യത്തെ പത്ത് ദിവസങ്ങളായിരുന്നു ഏറ്റവും ബുദ്ധിമുട്ടേറിയത്. കൃത്യമായ ഉറക്കമില്ലായ്മ, മാനസികാവസ്ഥയിലെ വലിയ മാറ്റങ്ങൾ, ക്ഷീണം, നിരാശ തുടങ്ങിയവയെല്ലാം നേരിടേണ്ടിവന്നു. ട്രെയിനറുടെ മുന്നിലിരുന്ന് ഇനിയെനിക്കിത് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് കരഞ്ഞ ദിവസങ്ങൾ പോലുമുണ്ടായി’- നിമിഷ കുറിച്ചു.ശരീരഭാരം കുറയ്ക്കുന്നതിനുള്ള പരിശ്രമത്തിൽ ഒപ്പംനിന്ന പരിശീലകൻ അലി ഷിഫാസിനോടും താരം നന്ദി പറഞ്ഞു.
അദ്ദേഹം ഒപ്പമില്ലായിരുന്നെങ്കിൽ ഒരുപക്ഷേ, താൻ പാതിവഴിയിൽതന്നെ പിന്മാറുമായിരുന്നെന്നും നിമിഷ കുറിച്ചു. ആവശ്യമായ സമയത്ത് കൂടുതൽ പ്രേരണ നൽകിയതും പിന്മാറാൻ തോന്നിയപ്പോൾ പ്രോത്സാഹിപ്പിച്ചതും ബുദ്ധിമുട്ടുകൾ നേരിട്ട ദിവസങ്ങളിൽ കുറ്റപ്പെടുത്താതെ ഒപ്പംനിന്നതുമെല്ലാം പരിശീലകനായിരുന്നെന്ന് താരം വ്യക്തമാക്കി.’ക്ഷീണിച്ചും നിരാശപ്പെട്ടും പിന്മാറാൻ തോന്നിയ ദിവസങ്ങളുണ്ടായിരുന്നു. പക്ഷേ, എങ്ങനെയെങ്കിലും അടുത്ത ദിവസം വീണ്ടുമെത്തി ശ്രമിക്കാൻ അദ്ദേഹം എന്നെ പ്രോത്സാഹിപ്പിച്ചു. കഠിനാദ്ധ്വാനത്തിൽ വിശ്വാസം പുലർത്തണമെന്ന് അദ്ദേഹം എപ്പോഴും ഓർമ്മിപ്പിച്ചു’ നിമിഷ പറയുന്നു.
ഭാരം കുറയ്ക്കുക എന്നതിലുപരി ക്ഷമയോടെ ചെയ്യുന്ന പ്രവൃത്തിയിൽ വിശ്വാസം പുലർത്തുന്നതെങ്ങനെയെന്ന് പഠിക്കാനുള്ള അവസരമാണ് തനിക്ക് ലഭിച്ചതെന്നും നിമിഷ കുറിച്ചു. ശരിയായ ഒരാൾ ഒപ്പമുണ്ടെങ്കിൽ എത്ര വലിയ ബുദ്ധിമുട്ടുകളെയും എളുപ്പത്തിൽ തരണം ചെയ്യാനാകുമെന്നും നിമിഷ വ്യക്തമാക്കി. ‘ എനിക്ക് എന്നിൽ വിശ്വാസം നഷ്ടപ്പെട്ട ദിവസങ്ങളിലും എന്നെ വിശ്വസിച്ചതിന് നന്ദി. ഈ യാത്ര നിങ്ങളില്ലാതെ പൂർത്തിയാക്കാൻ കഴിയുമായിരുന്നില്ല’ എന്നാണ് പരിശീലകനോടുള്ള നന്ദി സൂചകമായി നിമിഷ കുറിച്ചത്.



