ഇന്റലിജൻസ് മുന്നറിയിപ്പ്; മുഖ്യമന്ത്രിയുടെ പരിപാടി മാറ്റി, ഒടുവിൽ വഴിയിൽ തടയൽ

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ അറസ്റ്റിലായ മുൻ ഡിസിസി പ്രസിഡന്റ് ചേന്തി അനിലിനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് മുൻ നിർത്തിയാണ് മുഖ്യമന്ത്രി യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നാണ് വിവരം. ചേന്തി അനിലും സംഘവും വി ഡി സതീശനെ പരിപാടിക്ക് ക്ഷണിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് ലഭിച്ചത്.
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചേന്തിയിലെ പരിപാടിയിൽ പങ്കെടുക്കരുതെന്ന് ഇന്റലിജൻസ് വിഭാഗം മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നൽകിയത്. ഇതനുസരിച്ച് പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ഒരാഴ്ച മുൻപ് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് സംഘാടകരെ ഔദ്യോഗികമായി അറിയിച്ചിരുന്നതായാണ് വിവരം. ചേന്തി അനിലിന്റെ പേരിലുള്ള ക്രിമിനൽ കേസുകളും പരിപാടിയിൽ പങ്കെടുക്കാൻ സാദ്ധ്യതയുള്ളവരുടെ പശ്ചാത്തലവും ഇന്റലിൻസ് വിഭാഗം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വി ഡി സതീശൻ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ചേന്തി അനിലിനെയും സംഘാടകരെയും മുൻകൂട്ടി അറിയിച്ചത്. വിവരം രണ്ടാഴ്ച മുമ്പുതന്നെ സംഘാടകരെ അറിയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കുമെന്ന തരത്തിലുള്ള ഫ്ളക്സ് നാടുനീളെ വച്ചെന്നും ചേന്തി അനിലിനെതിരെ ആരോപണമുണ്ട്. മുഖ്യമന്ത്രി വാഹനം നിർത്തി ഇറങ്ങിയത് കോൺഗ്രസ് മുതിർന്ന നേതാവും മുൻ എംപിയുമായ എൻ പീതാംബരക്കുറുപ്പിനെ കണ്ടതുകൊണ്ടാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.



