‘ജാതീയതയും വർഗീയതയും ശക്തിപ്പെടുന്നു’; അയ്യൻകാളിയുടെ പോരാട്ടങ്ങൾ ഇന്നും പ്രസക്തമെന്ന് പിണറായി

ജാതീയതയും വർഗീയതയും സാമൂഹിക അസമത്വങ്ങളും ശക്തിപ്പെടാൻ ശ്രമിക്കുന്ന ഇന്നത്തെ കാലത്ത് അയ്യൻകാളിയുടെ പോരാട്ടങ്ങൾക്ക് പ്രസക്തി വർധിക്കുകയാണെന്ന് പിണറായി വിജയൻ. അയ്യൻകാളിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജാതി-ജന്മി-നാടുവാഴിത്ത വ്യവസ്ഥയ്ക്കെതിരെ സ്വന്തം ജീവിതംകൊണ്ട് പൊരുതിയ അയ്യൻകാളി കേരളത്തിന്റെ സാമൂഹിക ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിയെഴുതിയ മഹാനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
സഞ്ചാര സ്വാതന്ത്ര്യത്തിനായി നടത്തിയ വില്ലുവണ്ടി യാത്രയും ജാതീയ ഉച്ചനീചത്വങ്ങളെ ചോദ്യം ചെയ്ത കല്ലുമാല സമരവും സവർണ്ണ മേധാവിത്വത്തിനെതിരായ ശക്തമായ വെല്ലുവിളികളായിരുന്നു. ദളിത് കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികൾക്ക് ന്യായമായ കൂലിക്കായും അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങൾ അവകാശപ്പോരാട്ടങ്ങൾക്ക് പുതിയ ദിശാബോധം നൽകി. വിദ്യാഭ്യാസവും സഞ്ചാരസ്വാതന്ത്ര്യവും മാന്യമായ തൊഴിലും എല്ലാവർക്കും അവകാശപ്പെട്ടതാണെന്ന ബോധം സമൂഹത്തിൽ ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് ജാതീയതയും വർഗീയതയും പുതിയ രൂപങ്ങളിൽ തലപൊക്കുന്ന സാഹചര്യത്തിൽ മനുഷ്യരെ വേർതിരിക്കുന്ന എല്ലാ പ്രവണതകൾക്കുമെതിരെ നാം ഒരുമിച്ച് നിലകൊള്ളേണ്ടതുണ്ട്. തുല്യതയും സാമൂഹിക നീതിയും മനുഷ്യാഭിമാനവും ഉറപ്പുള്ള ഒരു സമൂഹമാണ് അയ്യൻകാളി സ്വപ്നം കണ്ടത്. ആ സ്വപ്നം സാക്ഷാത്കരിക്കുന്നതിനും കേരളത്തിന്റെ പുരോഗമന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അദ്ദേഹത്തിന്റെ സമരസ്മരണകൾ ഏവർക്കും കരുത്താകട്ടെയെന്നും ആശംസിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.



