‘മാവേലി മാതൃക ഇന്നും ഭരണാധികാരികൾക്ക് കടമ്പ’; ‘പടിഞ്ഞാറിന്റെ ആലപ്പുഴ’ വെനീസല്ലെന്ന് കുഞ്ചാക്കോ ബോബൻ

തിരുവനന്തപുരം∙ മാവേലി ഭരിച്ചിരുന്ന കാലഘട്ടത്തിലെ സമത്വവും സമൃദ്ധിയും തിരികെ കൊണ്ടുവരികയും ആ ഭരണമാതൃകയോടു താരതമ്യപ്പെടുകയുമാണ് മാറിമാറി വരുന്ന സർക്കാരുകൾക്കും ഭരണാധികാരികൾക്കുമുള്ള ഏറ്റവും വലിയ കടമ്പയെന്നു നടൻ കുഞ്ചാക്കോ ബോബൻ. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ ടൂറിസം മേഖല ആഗോളതലത്തിൽ കൈവരിച്ച നേട്ടങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. ‘‘എന്റെ ജന്മനാടായ ആലപ്പുഴയെ കിഴക്കിന്റെ വെനീസ് എന്നാണു വിളിക്കാറുള്ളത്. എന്നാൽ വെനീസിൽ പോയപ്പോൾ തോന്നിയത്, വെനീസിനെ ‘പടിഞ്ഞാറിന്റെ ആലപ്പുഴ’ എന്ന് വിളിക്കേണ്ട ഘട്ടത്തിലേക്ക് കേരള ടൂറിസം വളർന്നു കഴിഞ്ഞെന്നാണ്. അത് ഏതൊരു മലയാളിക്കും ഏറെ അഭിമാനകരമാണ്’’ – കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ടൂറിസം വളർച്ചയ്ക്കൊപ്പം യുവതലമുറയിലേക്കു ലഹരിയുടെ സ്വാധീനം എത്താതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സംസ്ഥാന സർക്കാർ ലഹരിക്കെതിരെ നടപ്പിലാക്കുന്ന ‘തൂഫാൻ’ പദ്ധതി യുവതലമുറയെ സംരക്ഷിക്കാനുള്ള ശക്തമായ ആയുധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ പോലും ‘തൂഫാൻ’ ഉണ്ടാക്കിയ സ്വാധീനം തന്റെ ഒരു ഷൂട്ടിങ് അനുഭവത്തിലൂടെ അദ്ദേഹം വേദിയിൽ പങ്കുവച്ചു.
നൂറ്റാണ്ടുകൾ നീണ്ട സ്വാതന്ത്ര്യസമര ചരിത്രത്തെ ഓർമിപ്പിച്ച കുഞ്ചാക്കോ ബോബൻ, വിഘടിച്ചു നിന്നതുകൊണ്ടാണു പണ്ടു കുറച്ചു ബ്രിട്ടിഷുകാർക്കു നമ്മളെ ഭരിക്കാൻ സാധിച്ചതെന്നും പിന്നീട് നമ്മൾ ഒന്നിച്ചപ്പോഴാണു സ്വാതന്ത്ര്യം നേടാനായതെന്നും ഓർമിപ്പിച്ചു. ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവച്ച് മലയാളികൾ ഒന്നിച്ചു ആഘോഷിക്കുന്ന ഓണം ‘നാനാത്വത്തിൽ ഏകത്വം’ എന്ന ഭാരതീയ സങ്കല്പത്തിന്റെ മികച്ച ഉദാഹരണമാണെന്നും എല്ലാവർക്കും ഓണാശംസകൾ നേർന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.



