പെല്ലറ്റ് ആക്രമണത്തിൽ എഫ്.ഐ.ആർ വേണം; ഡൽഹിയിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം

ന്യൂഡൽഹി: സി.ജെ.പി. സമരത്തിന് നേരെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ കേസെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പ്രതിഷേധം തുടരുന്നു. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്നാണ് രാഹുൽ ഗാന്ധിയും മറ്റ് പ്രതിപക്ഷ നേതാക്കളും സമരം നടത്തുന്നത്.
സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഡൽഹി പൊലീസ് ഡി.സി.പിയുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും അനുകൂല നടപടിയുണ്ടായില്ലെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതുവരെ സമരം തുടരുമെന്നാണ് രാഹുലിന്റെ നിലപാട്.
പെല്ലറ്റ് ആക്രമണത്തിൽ കണ്ണിന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട വിദ്യാർത്ഥി സഹിലിനൊപ്പമാണ് രാഹുൽ ഗാന്ധി പൊലീസ് സ്റ്റേഷനിലെത്തിയത്. വിദ്യാർത്ഥികളുടെ ആവശ്യം ന്യായമാണെന്നും അവർക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സഹിലിന് നേരെ പെല്ലറ്റ് ഗൺ പ്രയോഗിച്ചതാരാണെന്ന് വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
അതേസമയം, പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ നേരിടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഒളിച്ചോടുകയാണെന്ന് കെ.സി. വേണുഗോപാൽ എം.പി. ആരോപിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയതിന്റെ പേരിൽ രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അറസ്റ്റ് ചെയ്യട്ടെയെന്നും വേണുഗോപാൽ പറഞ്ഞു.



