കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവിനെ ബ്ലോക്ക് പ്രസിഡന്റാക്കാൻ നീക്കം; വേങ്ങര ലീഗ് യോഗത്തിൽ രൂക്ഷ പ്രതിഷേധം

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ പി.കെ. അബൂത്വാഹിറിനെ വേങ്ങര ബ്ലോക്ക് പ്രസിഡന്റാക്കാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ നീക്കത്തിനെതിരെ മണ്ഡലം കമ്മിറ്റി യോഗത്തിൽ രൂക്ഷ പ്രതിഷേധം. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായി ചേർന്ന യോഗത്തിലാണ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ അംഗങ്ങൾ ശക്തമായി രംഗത്തെത്തിയത്.
നിരീക്ഷകനായി എത്തിയ എം.കെ. ബാവ സംസ്ഥാന നേതൃത്വത്തിന്റെ കത്ത് വായിച്ചതോടെയാണ് യോഗത്തിൽ ബഹളം രൂക്ഷമായത്. തുടർന്ന് നന്ദിപ്രസംഗം പോലും അനുവദിക്കാതെ അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പ്രതിഷേധത്തെ തുടർന്ന് യോഗം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടി വന്നു.
അതേസമയം, മണ്ഡലം സെക്രട്ടറി ഇ.കെ. സുബൈർ മാസ്റ്ററെ വേങ്ങര ബ്ലോക്ക് പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് അംഗങ്ങൾ പ്രമേയം അവതരിപ്പിച്ചു. പ്രമേയം യോഗം പാസാക്കുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരായ പ്രാദേശിക എതിർപ്പാണ് ഇതിലൂടെ പ്രകടമായത്.
ഓഗസ്റ്റ് 22നാണ് വേങ്ങര ബ്ലോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. നേതൃത്വത്തിന്റെ തീരുമാനത്തിനെതിരായ പ്രതിഷേധം മുസ്ലിം ലീഗിനുള്ളിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.



