മുഖ്യമന്ത്രിയെ അതിരുവിട്ട് പുകഴ്ത്തരുത്’; വിജയ്‌യുടെ നിർദേശത്തിന് പിന്നാലെ സ്പീക്കറുടെ വിലക്ക്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യെ അതിരുവിട്ട് പ്രശംസിക്കുന്നത് വിലക്കി സ്‌പീക്കറും മന്ത്രിയും. പ്രശംസ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി എഴുതി നൽകിയതായി സ്‌പീക്കർ ജെ സി ഡി പ്രഭാകർ അറിയിച്ചു. നിയമസഭയിൽ വിഷയത്തിൽ ഒതുങ്ങി പ്രസംഗിച്ചാൽ മതിയെന്നും സ്‌പീക്കർ നിർദേശം നൽകി. മുഖ്യമന്ത്രിയെ അമിതമായി പ്രശംസിക്കരുതെന്ന് മന്ത്രി ആധവ് അർജുനയും പറഞ്ഞു.
ഉയർന്ന പാൽ സംഭരണ വില, എല്ലാ എംഎൽഎമാർക്കും കാർ എന്നിവയുൾപ്പെടെ വിവിധ പ്രഖ്യാപനങ്ങൾ നടത്തിയതിന് മുഖ്യമന്ത്രി വിജയ്‌യോട് നന്ദി പറഞ്ഞുകൊണ്ട് ടിവികെ എംഎൽഎ സിന്ധു നിയമസഭയിൽ എംജിആറിന്റെ ‘കൊടുത്തതൊക്കെ കൊടുത്താൻ’ എന്ന ഗാനം ആലപിച്ചിരുന്നു.ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയെ പ്രശംസിക്കുന്നത് അമിതമാകരുതെന്ന് മന്ത്രി ആധവ് അർജുന എംഎൽഎമാരെ ഉപദേശിച്ചത്.
അമിതമായ മുഖസ്തുതിക്കെതിരെ മുന്നറിയിപ്പ് നൽകിയ മന്ത്രി, അത്തരം പ്രവൃത്തികൾ മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടില്ലെന്ന് സൂചിപ്പിക്കുകയും ചെയ്തു.സംസ്ഥാനത്തെ എല്ലാ എംഎൽഎമാർക്കും മണ്ഡലങ്ങളിൽ യാത്ര ചെയ്യുന്നതിനായി പുതിയ കാറുകൾ അനുവദിക്കുമെന്നാണ് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചത്. ജനങ്ങളുടെ ആവശ്യങ്ങൾ നേരിട്ട് മനസിലാക്കാനും മണ്ഡലങ്ങളിൽ സ്ഥിരമായി സന്ദർശനം നടത്താനും എംഎൽഎമാർക്ക് വാഹന സൗകര്യം അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ കാറുകൾ അനുവദിക്കുന്നതിന് പുറമെ ഡ്രൈവറുടെ ശമ്പളത്തിനും മറ്റ് അനുബന്ധ ചെലവുകൾക്കുമായി ഓരേ എംഎൽഎയ്ക്കും മാസം 75,000 രൂപ വീതം നൽകാനും സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കൂടാതെ എംഎൽഎ ഓഫീസിൽ അസിസ്റ്റന്റുമാരെ നിയമിക്കുന്നതിനായി മാസം 25,000 രൂപ അധികമായി അനുവദിക്കാനും വിജയ് സർക്കാർ തീരുമാനിച്ചിട്ടുണ്ട്



