കരുവാറ്റയിൽ ഗൃഹനാഥനെ കൊലപ്പെടുത്തി; പിന്നാലെ ‘സക്സസ് പാർട്ടി’ പോലെ തട്ടുകടയിൽ ഭക്ഷണം, നിർണായക വഴിത്തിരിവിൽ അന്വേഷണം

ആലപ്പുഴ: കരുവാറ്റയിൽ 65കാരനായ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നാലെ പ്രതികൾ ഹരിപ്പാട്ടെത്തി കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ചതായി പൊലീസ് കണ്ടെത്തി. ആസൂത്രണം ചെയ്തതുപോലെ കൃത്യം നടത്തിയതിന്റെ ‘സക്സസ് പാർട്ടി’ പോലെയായിരുന്നു പ്രതികളുടെ പെരുമാറ്റമെന്നാണ് പൊലീസ് പറയുന്നത്. ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൊല്ലം പരവൂർ നെടുങ്ങോലം കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരെയാണ് (65) കരുവാറ്റയിൽ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രി കൊല്ലത്തുനിന്നുള്ള ട്രെയിനിൽ ഹരിപ്പാട്ടെത്തിയ പ്രതികൾ ഓട്ടോറിക്ഷയിൽ കരുവാറ്റ കന്നുകാലിപ്പാലത്തിന് സമീപമെത്തി. അവിടെ നിന്ന് ഏകദേശം ഒരു കിലോമീറ്റർ നടന്ന് രാത്രി ഒൻപതരയോടെ ശിവൻകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.

രാത്രി 10.45നും പുലർച്ചെ 1.30നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം. കൃത്യത്തിന് ശേഷം ഇതേ വഴിയിലൂടെ ഹരിപ്പാട്ടേക്ക് മടങ്ങിയ പ്രതികൾ തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ബസിൽ കൊല്ലത്തേക്ക് പോയി. തിങ്കളാഴ്ച രാവിലെയെങ്കിലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു പ്രതികളെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

അതിനിടെ, ശിവൻകുട്ടിയുടെ 13കാരിയായ ചെറുമകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് കുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. പെൺകുട്ടിയും സുഹൃത്തുക്കളും പരസ്പരം ഫോണിലൂടെയും നേരിട്ടും ബന്ധപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി.

ശിവൻകുട്ടിയെ കൊലപ്പെടുത്താൻ പെൺകുട്ടിയും മൂന്ന് സുഹൃത്തുക്കളും ആഴ്ചകളോളം ആസൂത്രണം നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും രാത്രി വൈകി പുറത്തിറങ്ങുന്നതും ശിവൻകുട്ടി വിലക്കിയിരുന്നു. കുടുംബത്തിലെ പ്രശ്നങ്ങളും ഇതോടൊപ്പം പെൺകുട്ടിയെ വീട്ടുകാരിൽനിന്ന് അകറ്റിയെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിനായി വിവിധ മാർഗങ്ങൾ ഇവർ ചർച്ച ചെയ്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വിഷം നൽകുക, വാഹനാപകടത്തിൽപ്പെടുത്തുക, കല്ലുകൊണ്ട് തലയ്ക്കടിക്കുക തുടങ്ങിയ മാർഗങ്ങൾ ചർച്ച ചെയ്തിരുന്നുവെന്നാണ് വിവരം.

സംഭവത്തിന് ശേഷം രണ്ട് ദിവസം സുഹൃത്തുക്കൾക്കൊപ്പം കഴിഞ്ഞ ശേഷമാണ് പെൺകുട്ടി തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയത്. ശിവൻകുട്ടിയെ കാണാനില്ലെന്നും വീട് അടച്ചിട്ടിരിക്കുകയാണെന്നും നാട്ടുകാരെ അറിയിച്ച ശേഷം അയൽവാസികളുടെ സഹായത്തോടെ പിൻവാതിൽ തുറന്ന് അകത്തുകയറുകയായിരുന്നു. അകത്ത് ശിവൻകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയതോടെ പെൺകുട്ടി നിലവിളിച്ചു.

പൊലീസ് ചോദ്യം ചെയ്തപ്പോൾ ശനിയാഴ്ച രാവിലെയാണ് അവസാനമായി ശിവൻകുട്ടിയെ കണ്ടതെന്നും പിന്നീട് വീട് അടഞ്ഞുകിടക്കുകയായിരുന്നുവെന്നുമാണ് ആദ്യം പെൺകുട്ടി മൊഴി നൽകിയത്. എന്നാൽ വനിതാ പൊലീസ് ഉദ്യോഗസ്ഥ മണിക്കൂറുകളോളം ചോദ്യം ചെയ്തതോടെ തിങ്കളാഴ്ച കുറ്റം സമ്മതിച്ചതായാണ് വിവരം. പിന്നാലെ പെൺകുട്ടിയുടെ മൂന്ന് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

കുറ്റകൃത്യത്തിന് പിന്നിൽ കുടുംബാന്തരീക്ഷവും സാമൂഹിക സാഹചര്യങ്ങളും സ്വാധീനം ചെലുത്തിയിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ചോദ്യം ചെയ്യലിനിടെ വീട്ടിലെ സാഹചര്യങ്ങളെക്കുറിച്ച് സംസാരിച്ചപ്പോഴാണ് പെൺകുട്ടി പൊട്ടിക്കരഞ്ഞതെന്നും പൊലീസ് പറഞ്ഞു.

കൊലപാതകത്തിന് ശേഷം നാലരപ്പവനോളം സ്വർണാഭരണങ്ങളുമായാണ് പ്രതികൾ കടന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതിൽ ഒരു മോതിരം 16,000 രൂപയ്ക്ക് വിറ്റിരുന്നു. മോതിരവും മറ്റ് ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. പെൺകുട്ടിക്ക് ഐഫോണും സുഹൃത്തിന് ബൈക്കും വാങ്ങുന്നതിനായാണ് ആഭരണങ്ങൾ വിറ്റ് പണം കണ്ടെത്താൻ പദ്ധതിയിട്ടിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button