സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ; കൊച്ചിൻ ഷിപ്പ്‌യാർഡ് വികസനത്തിന് രാമന്തുരുത്തിൽ സ്ഥലം അനുവദിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷൻ വിതരണം ഓഗസ്റ്റ് 18 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. 59.472 ലക്ഷം പേർക്കാണ് പെൻഷൻ ആനുകൂല്യം ലഭിക്കുക. ഓണക്കാലത്തോടനുബന്ധിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്കും ആശാ പ്രവർത്തകർക്കും സർക്കാർ പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപയും ആശാ പ്രവർത്തകർക്ക് 1450 രൂപ ബോണസും നൽകും. സപ്ലൈകോയ്ക്ക് 53 കോടി രൂപ മുൻകൂറായി അനുവദിച്ചതായും ആരോഗ്യ കിരണം പദ്ധതിയിലെ കുടിശ്ശിക തീർപ്പാക്കാൻ 200 കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ സൗജന്യ ഓണക്കിറ്റ് വിതരണം പരാതികളില്ലാതെ പുരോഗമിക്കുകയാണെന്നും ഇതുവരെ 75,875 കാർഡ് ഉടമകൾ കിറ്റുകൾ കൈപ്പറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം, കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ വികസന പദ്ധതികൾക്കായി രാമന്തുരുത്തിൽ സ്ഥലം അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിർമാണ പ്രവർത്തനങ്ങളിലൂടെ മേഖലയിൽ ഏകദേശം 5000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിയിലൂടെ സംസ്ഥാനത്തിന് പ്രതിവർഷം 1.70 കോടി രൂപ ഫീസിനത്തിൽ വരുമാനം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണക്കാലത്ത് ജനങ്ങൾക്ക് പരമാവധി ആശ്വാസം ഉറപ്പാക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button