അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണം; പൊലീസിന് പ്രത്യേക പെരുമാറ്റ പരിശീലനം

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് അഭിസംബോധന ചെയ്യണമെന്ന് പൊലീസിന് നിർദ്ദേശം നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ചില പൊലീസുകാർ ഭക്തരോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി.
കഴിഞ്ഞദിവസം ചേർന്ന ശബരിമല അവലോകന യോഗത്തിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ ഇക്കാര്യം നിർദേശിച്ചത്. മണ്ഡല-മകരവിളക്ക് കാലത്ത് പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസുകാർക്ക് പെരുമാറ്റരീതികൾ സംബന്ധിച്ച് പ്രത്യേക പരിശീലനം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പരിശീലനത്തിന്റെ ചുമതല പത്തനംതിട്ട എസ്.പി. ആർ. ആനന്ദിന് നൽകി. ഭക്തരോട് മാന്യമായി പെരുമാറുക, തിരക്ക് നിയന്ത്രിക്കുമ്പോൾ സംയമനം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തും.
ശബരിമലയിൽ പൊലീസിന്റെ പെരുമാറ്റവുമായി ബന്ധപ്പെട്ട പരാതികൾ പുതിയതല്ല. തിരക്ക് നിയന്ത്രിക്കുന്നതിനിടെ ഭക്തരെ തള്ളിനീക്കുകയും വടി ഉപയോഗിക്കുകയും ചെയ്ത സംഭവങ്ങൾ മുൻകാലങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്നും തിരക്ക് നിയന്ത്രിക്കാൻ ഒരു കാരണവശാലും വടി ഉപയോഗിക്കരുതെന്നും നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.
അതേസമയം, ശബരിമല ഡ്യൂട്ടിയിൽ കേരള പൊലീസ് നേടിയിട്ടുള്ള സത്‌പേര് ചൂണ്ടിക്കാട്ടപ്പെടേണ്ടതാണെന്നും വിലയിരുത്തലുണ്ട്. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന സാഹചര്യത്തിലും ക്ഷമയോടെ ക്രമീകരണങ്ങൾ നടപ്പാക്കുകയും വഴിതെറ്റിയവരെയും അവശരായവരെയും സഹായിക്കുകയും ചെയ്യുന്ന നിരവധി പൊലീസുകാർക്ക് ഭക്തരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.



