കർഷകർക്ക് വൻ ആശ്വാസം; 6220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ കർഷകർക്കാശ്വാസമായി വൻ പ്രഖ്യാപനവുമായി ടിവികെ സർക്കാർ. 6,220 കോടി രൂപയുടെ കാർഷിക വായ്പ എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി വിജയ് അറിയിച്ചു. ടിവികെ സർക്കാർ 100 ദിവസം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം.
തമിഴ്നാട്ടിലെ ജനങ്ങൾ ഞങ്ങളുടെ ജീവനും കർഷകർ ജീവനാഡിയുമാണ്. കർഷകരുടെ ജീവിതം സംരക്ഷിക്കുക, അവരുടെ കടബാദ്ധ്യത കുറയ്ക്കുക, കൃഷി ശക്തിപ്പെടുത്തുക എന്നതാണ് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തങ്ങൾ. സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും കർഷകർക്ക് ഉടൻ ആശ്വാസം നൽകാനാണ് സർക്കാർ ലക്ഷ്യമിടുന്നത്’- മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാരിന്റെ പുതിയ പ്രഖ്യാപനം പ്രകാരം സഹകരണ ബാങ്കുകളിൽ നിന്ന് 75,000 രൂപവരെ വായ്പയെടുത്തവരുടെ കടം പൂർണമായും എഴുതിത്തള്ളും. 75,000 രൂപയ്ക്കും ഒരു ലക്ഷം രൂപയ്ക്കുമിടയിൽ വായ്പയെടുത്തവർക്ക് 75,000 രൂപയുടെ ഇളവ് ലഭിക്കും. ഒരു ലക്ഷത്തിനുമുകളിൽ വായ്പയെടുത്തവർക്ക് 35,000 രൂപയുടെ ഇളവാണ് ലഭിക്കുക. 2,38,264 കർഷകർക്കാണ് നേട്ടമുണ്ടാവുക.
ഇളവുകൾക്കായി 953.06 കോടി രൂപ സർക്കാർ അധികമായി കണ്ടെത്തും. ഇതോടെ പദ്ധതിയുടെ മൊത്തം ചെലവ് 6,220 കോടി രൂപയാകും. നേരത്തെ ടിവികെ സർക്കാർ 50,000 രൂപവരെയുള്ള വായ്പകൾ എഴുതിത്തള്ളിയിരുന്നു. പിന്നീട് കർഷക സംഘടനകളുമായി നടത്തിയ ചർച്ചകൾക്കുശേഷം പദ്ധതി വിപുലീകരിക്കുകയായിരുന്നു.



