ശിക്ഷാകാലാവധി കഴിഞ്ഞിട്ടും ഏറ്റെടുക്കാനാളില്ല; തടവുകാരുടെ പുനരധിവാസത്തിന് ‘ഹാഫ് വേ ഹോം’ പദ്ധതി

തിരുവനന്തപുരം: ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും ഏറ്റെടുക്കാൻ ആളില്ലാത്ത തടവുകാരുടെ പുനരധിവാസത്തിനായി ‘ഹാഫ് വേ ഹോം’ എന്ന പേരിൽ പുതിയ പദ്ധതി ആലോചിക്കുന്നതായി ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്ത് ഐപിഎസ്. സാമൂഹികനീതി വകുപ്പ്, പൊലീസ്, ജയിൽ വകുപ്പ് എന്നിവ സംയുക്തമായാകും പദ്ധതി നടപ്പാക്കുക.

30 വർഷത്തിലേറെ ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും ഏറ്റെടുക്കാൻ ആളില്ലാത്ത തടവുകാർ സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്നുണ്ടെന്ന് ജയിൽ വകുപ്പ് മേധാവി പറഞ്ഞു. ഇത്തരക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നത്.

സന്നദ്ധ സംഘടനകൾക്ക് അക്രഡിറ്റേഷൻ നൽകി ഏറ്റെടുക്കാൻ ആളില്ലാത്ത തടവുകാരുടെ പുനരധിവാസം ഉറപ്പാക്കാനും പദ്ധതിയുണ്ട്. ജയിലിൽനിന്ന് പുറത്തിറങ്ങിയ ശേഷമുള്ള ജീവിതത്തിന് ആവശ്യമായ താമസം, സാമൂഹിക പിന്തുണ, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഇതിന് പുറമെ സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 265 മാനസികരോഗികളായ തടവുകാരെയും പുനരധിവസിപ്പിക്കുമെന്ന് എസ്. ശ്രീജിത്ത് അറിയിച്ചു. തടവുശിക്ഷ പൂർത്തിയാക്കിയ ശേഷവും സംരക്ഷണമില്ലാതെ ജയിലിൽ തുടരേണ്ടിവരുന്നവരുടെ പ്രശ്നത്തിന് പരിഹാരം കാണുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button