പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് പരിക്ക്; അപകടം തിരക്കിനിടെ

തിരുവനന്തപുരം: പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ് വിദ്യാർഥിക്ക് പരിക്ക്. തിരുവനന്തപുരം കല്ലറ പഴയചന്ത ജംഗ്ഷനിൽ ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്. കല്ലറ താപസഗിരി സ്വദേശി അൽ അമീൻ (19) ആണ് പരിക്കേറ്റത്. പോളിടെക്നിക് വിദ്യാർഥിയാണ്.

കല്ലറയിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്ക് പോകുകയായിരുന്ന ബസിന്റെ പിൻവശത്തെ വാതിൽ തുറന്നാണ് അൽ അമീൻ റോഡിലേക്ക് വീണത്. അപകടസമയത്ത് ബസിനുള്ളിൽ വലിയ തിരക്കുണ്ടായിരുന്നതായാണ് വിവരം. വീഴ്ചയിൽ തലയ്ക്കും കാലിനും പരിക്കേറ്റ വിദ്യാർഥിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്.

കഴിഞ്ഞ മാസവും സമാനമായ രീതിയിൽ നാദാപുരത്ത് പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്കേറ്റിരുന്നു. നാദാപുരം ടി.ഐ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനി വൈഗയാണ് അന്ന് അപകടത്തിൽപ്പെട്ടത്. വിലങ്ങാട്ടുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസിൽ മണിയൂർ താഴെ സ്റ്റോപ്പിൽ നിന്ന് കയറിയ വൈഗ ബസ് മുന്നോട്ടെടുത്ത ഉടൻ വാതിൽ തുറന്ന് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഒട്ടുമിക്ക പ്രിയദർശിനി ബസുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് യാത്രക്കാരുടെ പരാതി. ശ്വാസം വിടാൻ പോലും കഴിയാത്ത തരത്തിലുള്ള തിരക്ക് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നതായും ആരോപണമുണ്ട്. അമിത തിരക്ക് മൂലം ബസുകൾ വൈകിയോടുന്നതും പതിവാണെന്നാണ് യാത്രക്കാർ പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button