മെസ്സി വിവാദത്തിൽ പിണറായി വിജയന്റെ പ്രതികരണം; സ്പോൺസർമാരുടെ വാദം തള്ളി

തിരുവനന്തപുരം: കേരളത്തിലേക്ക് ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ടീം കേരളത്തിലെത്തുമെന്ന് അറിയിച്ച് തനിക്ക് കത്തുകളൊന്നും അയച്ചിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി.
മെസ്സിയും സംഘവും കേരളത്തിലെത്തണമെന്നത് കേരളത്തിന്റെ ആഗ്രഹമായിരുന്നെങ്കിലും അവരുടെ ചില കാരണങ്ങളാൽ അത് സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്നത്തെ കായികമന്ത്രി വി. അബ്ദുറഹ്മാൻ വിശദീകരിച്ചിട്ടുണ്ടെന്നും ഇടപാടുകളിൽ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.
അതേസമയം, മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് ഇടപാടിൽ ഗുരുതരമായ നികുതി ക്രമക്കേട് നടന്നെന്ന ആരോപണം ശക്തമാകുകയാണ്. സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ഒൻപത് കോടി രൂപയുടെ ജി.എസ്.ടി അടച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന കണ്ടെത്തൽ.
വിദേശത്തേക്ക് ആദ്യഘട്ടത്തിൽ കൈമാറിയ 50 കോടി രൂപയ്ക്ക് ജി.എസ്.ടി അടയ്ക്കണമെന്ന് 2025ൽ ജി.എസ്.ടി ഇന്റലിജൻസ് കണ്ടെത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് അന്വേഷണം അട്ടിമറിക്കപ്പെട്ടെന്നും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയെന്നും ആരോപണമുണ്ട്. പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ കൈമാറിയ മുഴുവൻ തുകയ്ക്കും നികുതി ഈടാക്കാനുള്ള നടപടികൾ ശക്തമാക്കിയതായും റിപ്പോർട്ടുണ്ട്.
കരാർ ലംഘനങ്ങളുടെ പേരിൽ സ്പോൺസർമാർക്കെതിരെ കായിക വകുപ്പും നടപടികൾ സ്വീകരിച്ചിരുന്നു. 2025 ഏപ്രിൽ 25ന് കായിക മന്ത്രിയുടെ ഓഫീസ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് അയച്ച കത്തിൽ കരാർ ലംഘനത്തിന്റെ ഉത്തരവാദിത്തം കമ്പനിക്കാണെന്ന് വ്യക്തമാക്കിയിരുന്നു. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി കരാർ ഒപ്പിട്ടതിന് ശേഷം സ്പോൺസർ തുടർനടപടികൾ സ്വീകരിച്ചില്ലെന്നും കമ്പനി വിശ്വാസവഞ്ചന കാട്ടിയെന്നും കത്തിൽ ആരോപിച്ചിരുന്നു.
മുൻ കായികമന്ത്രി വി. അബ്ദുറഹ്മാന്റെ സ്പെയിൻ യാത്രയെയും പിണറായി വിജയൻ ന്യായീകരിച്ചു. മന്ത്രിക്ക് യാത്ര ചെയ്യാൻ അർജന്റീനയുമായി പ്രത്യേക കരാർ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കലൂർ സ്റ്റേഡിയം വിട്ടുനൽകിയത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള അറ്റകുറ്റപ്പണികൾക്കായിരുന്നുവെന്നും പിണറായി വ്യക്തമാക്കി.
ഇടപാടുകളുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുമ്പോൾ യഥാർഥ വസ്തുതകൾ പുറത്തുവരുമെന്നും പിണറായി വിജയൻ പ്രതികരിച്ചു.



