തൊപ്പിക്ക് വീണ്ടും പൊലീസ് നോട്ടീസ്; അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

എറണാകുളം: സുഹൃത്തുക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ നിഹാദ്, തൊപ്പിക്ക് വീണ്ടും പൊലീസ് നോട്ടീസ്. എറണാകുളം റൂറൽ സൈബർ പൊലീസാണ് നോട്ടീസ് അയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.
നേരത്തെയും ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നെങ്കിലും തൊപ്പി എത്തിയിരുന്നില്ല. കേസിൽ തൊപ്പി നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി നേരത്തെ തീർപ്പാക്കിയിരുന്നു.
സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസമുണ്ടായതിന് പിന്നാലെയാണ് അവരുടെ ദൃശ്യങ്ങൾ തൊപ്പി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതെന്നാണ് പൊലീസ് കേസ്. തന്റെ വീട്ടിൽ സുഹൃത്തുക്കൾ ലഹരിമരുന്ന് കൊണ്ടുവന്നെന്നും തൊപ്പി ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെ തൊപ്പിക്കെതിരെ സുഹൃത്തുക്കളും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. പെൺകുട്ടികളോട് ലൈംഗിക ചൂഷണം നടത്തിയെന്നും പിന്നീട് പണം നൽകി വിഷയം ഒത്തുതീർപ്പാക്കിയെന്നുമടക്കമുള്ള ആരോപണങ്ങളാണ് സുഹൃത്തുക്കൾ ഉന്നയിച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവും വീഡിയോകളിലൂടെ ഉയർന്നിരുന്നു.
തൊപ്പിയുടെ മുറിയിൽ നിന്ന് കഞ്ചാവ് പുറത്തെടുക്കുന്ന ദൃശ്യങ്ങളും സുഹൃത്തായ ഷമീർ പുറത്തുവിട്ടിരുന്നു. കുട്ടികളടക്കം നിരവധി പേരാണ് തൊപ്പിയെ സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്.
തൊപ്പിയുടെയും സുഹൃത്തുക്കളുടെയും ലൈവ് വീഡിയോകൾ അതിരുവിട്ടതിനെ തുടർന്ന് അഭിഭാഷകൻ ശ്രീജിത്ത് പെരുമന പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിൽ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർദേശം നൽകിയിരുന്നു.
പോക്സോ, ലഹരി ഉപയോഗം, മാനസിക-ശാരീരിക പീഡനം, അശ്ലീല ഉള്ളടക്കത്തിന്റെ പ്രചാരണം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിലാണ് തൊപ്പിക്കും സുഹൃത്തുക്കൾക്കുമെതിരെ അന്വേഷണം നടക്കുന്നത്.



