ടി.ജി. മോഹൻദാസിന് ജാമ്യം; വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ വഞ്ചിയൂർ കോടതി

തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ സംഘപരിവാർ സഹയാത്രികൻ ടി.ജി. മോഹൻദാസിന് വഞ്ചിയൂർ കോടതി ജാമ്യം അനുവദിച്ചു. ഓഗസ്റ്റ് 9ന് മട്ടാഞ്ചേരിയിലെ വസതിയിൽ നിന്നാണ് തിരുവനന്തപുരം സൈബർ പോലീസ് സംഘം മോഹൻദാസിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനും വൈദ്യപരിശോധനയ്ക്കും ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.
‘പത്രിക’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് മോഹൻദാസ് വിവാദ പരാമർശങ്ങൾ നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഡൽഹി ജന്തർ മന്തറിൽ പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ വെടിയുതിർക്കണമെന്നും ആളുകൾ മരിച്ചാലും സമരം അടിച്ചമർത്തണമെന്നും അദ്ദേഹം പറഞ്ഞതായി പരാതിയിലുണ്ട്. സമരം ചെയ്ത പെൺകുട്ടികളെ അധിക്ഷേപിക്കുന്ന പരാമർശങ്ങളും നടത്തിയെന്നാണ് ആരോപണം.
അന്വേഷണത്തിന്റെ ഭാഗമായി മോഹൻദാസിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ വിവാദ വീഡിയോ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജൂലൈ 29ന് പോലീസ് കേസെടുത്തത്.
ഭാരതീയ ന്യായ സംഹിത, ഐ.ടി. ആക്ട്, കേരള പോലീസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം ലഹളയ്ക്ക് ശ്രമിച്ചതടക്കം നാല് കുറ്റങ്ങളാണ് മോഹൻദാസിനെതിരെ ചുമത്തിയിട്ടുള്ളത്. ഇയാളുടെ ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



