രാജേഷിന്റെ മൃതദേഹം ഫ്രീസറില്ലാതെ കൊണ്ടുപോയ സംഭവം; പയ്യന്നൂർ തഹസിൽദാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: രക്ഷാപ്രവർത്തനത്തിനിടെ മരിച്ച തിരുവനന്തപുരം സ്വദേശി രാജേഷിന്റെ മൃതദേഹം ഫ്രീസർ സൗകര്യമില്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ കെ.പി. പോളിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനം. ഇതുസംബന്ധിച്ച് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ലാൻഡ് റവന്യൂ കമ്മിഷണർക്ക് നിർദേശം നൽകി. ഉടൻ ഉത്തരവ് പുറത്തിറങ്ങുമെന്നാണ് വിവരം.

കണ്ണൂർ ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നടപടി. മൃതദേഹം കൊണ്ടുപോയതിൽ ഗുരുതര വീഴ്ചയും കൃത്യവിലോപവും ഉണ്ടായതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മൃതദേഹം കൊണ്ടുപോകുന്നതിന് തഹസിൽദാർ പണം ആവശ്യപ്പെട്ടെന്ന വിവരവും ഇതിനിടെ പുറത്തുവന്നിരുന്നു.

നാല് ദിവസത്തോളം പുഴയിൽ കിടന്നതിനെ തുടർന്ന് ചീഞ്ഞുപോയ രാജേഷിന്റെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് തിരുവനന്തപുരത്തേക്ക് അയച്ചത് പ്ലാസ്റ്റിക് ഷീറ്റിൽ പൊതിഞ്ഞാണ്. മൃതദേഹം എംബാം ചെയ്തിരുന്നില്ല. സാധാരണ ആംബുലൻസിലാണ് മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.

യാത്രയ്ക്കിടെ ദുർഗന്ധം അസഹനീയമായതോടെ ആംബുലൻസ് തൃശൂർ ചാവക്കാട് ഹയാത്ത് ആശുപത്രിക്ക് മുന്നിൽ നിർത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ഫ്രീസർ സൗകര്യമുള്ള വാഹനത്തിലേക്ക് മാറ്റി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വലിയ വിവാദമായത്.

കണ്ണൂർ ചെറുപുഴയിൽ രക്ഷാപ്രവർത്തനത്തിനിടെയാണ് രാജേഷ് അപകടത്തിൽപ്പെട്ടത്. തുരുത്തിൽ അകപ്പെട്ട ഒരാളെ രക്ഷിക്കുന്നതിനായി കുത്തിയൊഴുകുന്ന പുഴ നീന്തിക്കടന്ന് സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകിയ രാജേഷ്, തിരികെ നീന്തുന്നതിനിടെ കയറിൽ നിന്ന് പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു.

മീന്തുള്ളി വെള്ളച്ചാട്ടത്തിലെ റെപ്പലിംഗ് ഇൻസ്ട്രക്ടറായിരുന്ന രാജേഷ് സ്വന്തം നിലയിൽ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്ടപ്പെട്ട രാജേഷിന്റെ മൃതദേഹത്തോട് അധികൃതർ സ്വീകരിച്ച സമീപനമാണ് ഇപ്പോൾ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button