‘അർജുൻ ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല എനിക്കില്ല, അയാൾക്കെതിരെ നടപടിയെടുത്തോട്ടെ’

കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ കേസുകളിൽ പ്രതിയായ മുൻ ഡിവൈഎഫ്ഐ പ്രവർത്തകൻ അർജുൻ ആയങ്കിക്കെതിരെ പൊലീസ് നടപടിയെടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസുകളിൽ പ്രതിയായ അർജുൻ ദിവസങ്ങളായി പൊലീസിനെ കബിളിപ്പിച്ച് ഒളിവിൽ കഴിയുകയാണ്. തുടർച്ചയായി സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെരെ വെല്ലുവിളി ഉയർത്തുന്ന അർജുനെ പൂട്ടാൻ പൊലീസ് വല വിരിച്ചിരിക്കുകയാണ്.
അർജുൻ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കിൽ നടപടിയെടുത്തോട്ടെ, ഞാൻ എന്തുപറയാനാണ്. അയാൾക്കെതിരെ തോക്ക് ഉപയോഗിക്കരുതെന്ന് ഞാൻ പറയണോ? അർജുൻ ആയങ്കിയെ ന്യായീകരിക്കേണ്ട ആവശ്യമൊന്നും എനിക്കില്ല. അയാൾക്കെതിരെ നടപടിയെടുക്കണമെങ്കിൽ എടുത്തോട്ടെ. യാതൊരു തടസവും ഞങ്ങൾക്കില്ല.’-പിണറായി വിജയൻ പറഞ്ഞു.
സമൂഹ മാദ്ധ്യമങ്ങളിൽ സിപിഎമ്മിന്റെ സജീവ പ്രചാരകനായിരുന്ന അർജുൻ ആയങ്കിയെ കുറിച്ച് മാദ്ധ്യമങ്ങൾ ഉന്നയിച്ച ചോദ്യത്തിനോടാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. കണ്ണൂർ ജില്ലയിലെ അഴീക്കൽ സ്വദേശിയായ അർജുൻ ആയങ്കി നിരവധി ക്രിമിനൽ കേസുകളിൽ കേരള പൊലീസിന്റെയും കസ്റ്റംസിന്റെയും നിരീക്ഷണത്തിലായിരുന്നു.
മുമ്പ് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനും പ്രാദേശിക ഭാരവാഹിയുമായിരുന്നു അർജുൻ. പാർട്ടിയുടെ സൈബർ പോരാളിയായാണ് ഇയാളെ അറിയപ്പെട്ടിരുന്നത്. ഇയാൾ സ്വർണക്കടത്തിൽ അറസ്റ്റിലായതോടെ സിപിഎമ്മും ഡിവൈഎഫ്ഐയും അർജുൻ ആയങ്കിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരെയും ക്വട്ടേഷൻ സംഘങ്ങളെയും പാർട്ടി വച്ചുപൊറുപ്പിക്കില്ലെന്നും നേതൃത്വം അറിയിച്ചിരുന്നു.



