പുനർജനി കേസിൽ വി.ഡി. സതീശനെതിരെ തെളിവില്ല; എം.വി. ഗോവിന്ദനെ പരിഹസിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പുനർജനി കേസിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെതിരെ യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നും ആരോപണത്തിൽ കഴമ്പില്ലാത്തതിനാലാണ് കേസ് മുന്നോട്ടുപോകാതിരുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

മുൻ മുഖ്യമന്ത്രിക്കുപോലും ഇല്ലാത്ത സംശയമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് ഇപ്പോഴുമുള്ളതെന്നും, തെരഞ്ഞെടുപ്പിൽ തോറ്റതുമുതൽ അദ്ദേഹത്തിന്റെ സംശയങ്ങൾ വർധിച്ചിരിക്കുകയാണെന്നും മന്ത്രി പരിഹസിച്ചു.

അതേസമയം, സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിനും കസ്റ്റഡി മർദനങ്ങൾ ഇല്ലാതാക്കുന്നതിനുമായി ഓഗസ്റ്റ് 15 മുതൽ ‘മൈ പൊലീസ് സ്റ്റേഷൻ’ പദ്ധതി നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. പദ്ധതിയുടെ ഭാഗമായി സ്റ്റേഷനുകളുടെ ചുമതല എസ്.ഐമാർക്ക് കൈമാറുമെന്നും 63 പൊലീസ് സ്റ്റേഷനുകളിൽ വനിതാ എസ്.ഐമാർ എസ്.എച്ച്.ഒമാരായി ചുമതലയേൽക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പൊലീസ് സേനയിലെ അംഗബലം വർധിപ്പിക്കാനും ഗുണ്ടാസംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എസ്. ശ്രീജിത്തിന് നൽകിയ സ്ഥാനക്കയറ്റം മുൻ സർക്കാരിന്റെ കാലത്ത് തയ്യാറാക്കിയ മുൻഗണനാ പട്ടികയുടെ അടിസ്ഥാനത്തിലാണെന്നും, സംസ്ഥാനത്ത് മഴക്കെടുതി നേരിടുന്നതിൽ സർക്കാരിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button