മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം’; വിജയ് സർക്കാരുമായി ചർച്ചയ്ക്ക് കേരളം

കോട്ടയം: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തോട് പ്രതികരിച്ച് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. വിഷയത്തിൽ തമിഴ്നാട് സർക്കാരുമായി ചർച്ച നടത്തുമെന്നും ആവശ്യമെങ്കിൽ മുഖ്യമന്ത്രി തലത്തിലും ചർച്ചയ്ക്ക് ശ്രമിക്കുമെന്നും മന്ത്രി അറിയിച്ചു.
തമിഴ്നാടിന്റെ പ്രഖ്യാപനം ദൗർഭാഗ്യകരമാണെന്ന് പറഞ്ഞ മന്ത്രി, സുപ്രീംകോടതി നിർദേശപ്രകാരമാണ് നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ 142 അടി ജലനിരപ്പ് നിലനിർത്തുന്നതെന്നും അതിൽ ഏകപക്ഷീയമായി മാറ്റം വരുത്താൻ കേരളത്തിനോ തമിഴ്നാടിനോ അധികാരമില്ലെന്നും വ്യക്തമാക്കി.
മുല്ലപ്പെരിയാർ വിഷയത്തിൽ രണ്ട് സംസ്ഥാനങ്ങൾക്കും സ്വീകാര്യമായ നിലപാട് സുപ്രീംകോടതി സ്വീകരിക്കണമെന്നാണ് കേരളത്തിന്റെ നിലപാടെന്നും, സുരക്ഷ ഉറപ്പാക്കാൻ പുതിയ അണക്കെട്ട് നിർമിക്കണമെന്ന ആവശ്യത്തിൽ സംസ്ഥാനത്തിന് യാതൊരു മാറ്റവുമില്ലെന്നും മോൻസ് ജോസഫ് പറഞ്ഞു.
ഇന്നലെ അവതരിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്താൻ ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചത്. നിലവിലുള്ള കരാറുകൾ, ട്രൈബ്യൂണൽ വിധികൾ, സുപ്രീംകോടതി ഉൾപ്പെടെയുള്ള നീതിന്യായ നിർദേശങ്ങൾ എന്നിവയ്ക്ക് അനുസൃതമായി അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുമെന്നും ബജറ്റിൽ വ്യക്തമാക്കിയിരുന്നു.
തമിഴ്നാടിന്റെ ജലാവകാശങ്ങൾ സംരക്ഷിക്കുമെന്നും അന്തർസംസ്ഥാന നദീജല പങ്കുവെക്കലിൽ സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് മുൻഗണന നൽകുമെന്നും ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ വേഗത്തിൽ നടപ്പാക്കുമെന്നും തമിഴ്നാട് സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെയാണ് മുല്ലപ്പെരിയാർ വിഷയം വീണ്ടും രാഷ്ട്രീയ-നിയമപരമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.



