‘അറസ്റ്റായാലും മടങ്ങിവരും’; ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

ന്യൂഡൽഹി: അറസ്റ്റുൾപ്പെടെയുള്ള ഏത് പ്രത്യാഘാതങ്ങളും നേരിടാൻ തയ്യാറാണെന്നും സ്വന്തം മാതൃരാജ്യമായ ബംഗ്ലാദേശിലേക്ക് മടങ്ങിവരുമെന്നും മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന പ്രഖ്യാപിച്ചു. ബംഗ്ലാദേശ് വിട്ടശേഷം ന്യൂഡൽഹിയിൽ നിന്ന് നടത്തിയ ആദ്യ വെർച്വൽ വാർത്താസമ്മേളനത്തിലാണ് ഹസീനയുടെ പ്രതികരണം.

തന്നെ ബംഗ്ലാദേശിൽ നിന്ന് ഒരിക്കലും വേർപെടുത്താനാകില്ലെന്നും താൻ ആ രാജ്യത്തിന്റെ ഭാഗമാണെന്നും ഹസീന പറഞ്ഞു. കഴിഞ്ഞ രണ്ടുവർഷമായി രാജ്യത്ത് നടന്ന സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും, അന്ന് നടന്നത് സാധാരണ വിദ്യാർത്ഥി പ്രതിഷേധമല്ലായിരുന്നുവെന്നും അവർ ആരോപിച്ചു.

സമരം അവസാനിപ്പിക്കാൻ സർക്കാർ പലതവണ ശ്രമിച്ചെങ്കിലും സമരക്കാരുടെ ലക്ഷ്യം അധികാരമാറ്റമായിരുന്നുവെന്നും, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് വിദ്യാർത്ഥികളെ അക്രമത്തിലേക്ക് നയിച്ചുവെന്നുമാണ് ഹസീനയുടെ ആരോപണം. ഇതൊരു ഗൂഢാലോചനയായിരുന്നുവെന്നും, അത് മുഹമ്മദ് യൂനൂസ് തന്നെ സമ്മതിച്ചിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.

“എന്നെ കാത്തിരിക്കുന്നത് ഏത് വിധിയാണെങ്കിലും ഞാൻ എന്റെ ജനങ്ങളുടെ അടുത്തേക്ക് മടങ്ങിയെത്തും. എന്റെ പ്രിയപ്പെട്ട നാട്ടുകാർ കഷ്ടപ്പെടുമ്പോൾ എനിക്ക് മാറിനിൽക്കാൻ കഴിയില്ല. ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാനാണ് തീരുമാനം,” എന്നും ഹസീന പറഞ്ഞു.

അതേസമയം, ഇന്ത്യയിൽ ഷെയ്ഖ് ഹസീനയ്ക്ക് ആവശ്യമായ എല്ലാ സുരക്ഷയും ലഭ്യമാക്കിയിട്ടുണ്ടെന്നും അതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സർക്കാരിന് നന്ദിയുണ്ടെന്നും ഹസീനയുടെ മകൻ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button