പ്രിയദർശിനി ബസിൽ തള്ളിക്കയറും; മക്കളെ സ്വകാര്യ സ്കൂളിൽ പഠിപ്പിക്കും’ മന്ത്രി സി.പി. ജോണിന്റെ വിവാദ പരാമർശം

പാലക്കാട്: സ്ത്രീകളെ സംബന്ധിച്ച വിവാദ പരാമർശവുമായി ഗതാഗതമന്ത്രി C. P. John. ‘പ്രിയദർശിനി’ സൗജന്യ ബസ് പദ്ധതിയെ പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കവെ, “പൈസയില്ലാത്ത കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾ തള്ളിക്കയറുകയാണ്. എന്നാൽ മക്കളെ ഫീസ് നൽകി സ്വകാര്യ സ്കൂളുകളിൽ പഠിപ്പിക്കുന്നു. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകാതെ സർക്കാർ ആശുപത്രിയിലെ വരാന്തയിൽ കിടക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണ്” എന്നാണ് മന്ത്രി പറഞ്ഞത്.
മന്ത്രിയുടെ പരാമർശം പുറത്തുവന്നതോടെ വിവിധ കോണുകളിൽ നിന്ന് ശക്തമായ വിമർശനമാണ് ഉയരുന്നത്.
അതേസമയം, തന്റെ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും സ്ത്രീകളുടെ ദാരിദ്ര്യത്തെക്കുറിച്ചാണ് താൻ പറഞ്ഞതെന്നും മന്ത്രി സി.പി. ജോൺ പ്രതികരിച്ചു.
“യാത്ര ചെയ്യാൻ പോലും പണമില്ലാത്ത സ്ത്രീകളുണ്ട്. ആ യാഥാർഥ്യമാണ് ഞാൻ ചൂണ്ടിക്കാട്ടിയത്. രാഷ്ട്രീയ പ്രവർത്തകരായ നമുക്ക് അത് പലപ്പോഴും മനസ്സിലാകാറില്ല,” എന്നാണ് മന്ത്രിയുടെ വിശദീകരണം.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതി ‘പ്രിയദർശിനി’ അധികാരത്തിലെത്തി ഒരു മാസത്തിനുള്ളിൽ നടപ്പാക്കിയിരുന്നു. നിലവിൽ ഓർഡിനറി കെഎസ്ആർടിസി ബസുകളിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി ആരംഭിച്ചതിന് പിന്നാലെ പ്രിയദർശിനി ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സ്ത്രീ യാത്രക്കാരിൽ വലിയൊരു വിഭാഗം സ്വകാര്യ ബസുകൾ ഉപേക്ഷിച്ച് കെഎസ്ആർടിസിയിലേക്ക് മാറിയെന്നും, ഇതോടെ സ്വകാര്യ ബസ് മേഖലയെ ഗുരുതരമായി ബാധിച്ചെന്നും സ്വകാര്യ ബസ് ഉടമകൾ ആരോപിക്കുന്നു.



