ശബരിമല നെയ്യ് ക്രമക്കേട്: ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങില്ല; അന്വേഷണം സമഗ്രമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേട് കഴിഞ്ഞ സീസണിലാണ് നടന്നതെന്നും, അതിന് പിന്നാലെ പുറത്തുനിന്ന് നെയ്യ് വാങ്ങുന്നത് അവസാനിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരത്തേ തന്നെ തീരുമാനിച്ചിരുന്നുവെന്നും ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി.
അന്നെടുത്ത തീരുമാനം ഇപ്പോൾ എത്രത്തോളം ഗുണകരമായിരുന്നുവെന്ന് ബോധ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡിന്റെ കീഴിൽ ഫുഡ് സേഫ്റ്റി ലാബ് പ്രവർത്തിക്കുന്നുണ്ടെന്നും, അവിടെ നെയ്യുടെ സാമ്പിളുകൾ കൃത്യമായി പരിശോധിച്ച ശേഷമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഭക്തർ സമർപ്പിക്കുന്ന നെയ്യ് ശുദ്ധീകരണ നടപടികൾക്ക് വിധേയമാക്കിയ ശേഷമാണ് ഉപയോഗിക്കുന്നതെന്നും, അതിനാൽ ഇനി അധികമായി പുറത്തുനിന്ന് നെയ്യ് വാങ്ങേണ്ട സാഹചര്യമില്ലെന്നും കെ. ജയകുമാർ പറഞ്ഞു.
പരാതികൾ ഉയരുന്നതുവരെ മിൽമയുടെ നെയ്യുടെ ഗുണനിലവാരത്തിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് ഏതെങ്കിലും തരത്തിലുള്ള പങ്കുണ്ടോയെന്നത് ഉൾപ്പെടെ എല്ലാ വശങ്ങളും പരിശോധിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



