എംവിഡിയിൽ കർശന പരിഷ്കാരം; ലൈസൻസ് ടെസ്റ്റുകൾ വർധിപ്പിച്ചു, ഉദ്യോഗസ്ഥർക്ക് പുതിയ പെരുമാറ്റച്ചട്ടം

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് (എംവിഡി) സേവനങ്ങളിൽ സുതാര്യതയും കാര്യക്ഷമതയും ഉറപ്പാക്കാൻ ഗതാഗത കമ്മീഷണർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പ്രൊഫഷണലിസവും മാന്യതയും പാലിക്കണമെന്നും പൊതുജനങ്ങളോട് മര്യാദയോടെ പെരുമാറണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.

ഡ്യൂട്ടിക്കെത്തുമ്പോൾ കൈവശമുള്ള പണത്തിന്റെ കണക്ക് രേഖപ്പെടുത്തുക, ഇടനിലക്കാരെ പൂർണമായും ഒഴിവാക്കുക, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടിലേക്ക് ഡ്രൈവിംഗ് സ്‌കൂൾ ഉടമകളെയോ മറ്റ് ഏജന്റുമാരെയോ പ്രവേശിപ്പിക്കരുത് തുടങ്ങിയ നിർദേശങ്ങളും സർക്കുലറിലുണ്ട്.

ഡ്രൈവിംഗ് ടെസ്റ്റിനുള്ള തീയതി ലഭിക്കാൻ കാലതാമസം നേരിടുന്നുവെന്ന വ്യാപക പരാതിയെ തുടർന്ന് പ്രതിദിന ലൈസൻസ് ടെസ്റ്റുകളുടെ എണ്ണം 40ൽ നിന്ന് 50 ആയി വർധിപ്പിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് ദിവസവും ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തും.

പുതിയ ക്രമീകരണമനുസരിച്ച് പ്രതിദിനം 50 സ്ലോട്ടുകളാണ് അനുവദിക്കുക. ഇതിൽ 28 സ്ലോട്ടുകൾ പുതിയ ലൈസൻസ് ടെസ്റ്റിനും, 20 സ്ലോട്ടുകൾ റീ-ടെസ്റ്റിനും, വിദേശത്ത് ജോലി, പഠനം എന്നിവയ്ക്കായി പോകുന്നവർക്ക് രണ്ട് സ്ലോട്ടുകളും മാറ്റിവെക്കും.

പുതിയ ലൈസൻസ് ടെസ്റ്റിന് അപേക്ഷിച്ചാൽ ബുക്കിംഗ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ടെസ്റ്റ് സ്ലോട്ട് ലഭ്യമാക്കും. ആദ്യ പരീക്ഷയിൽ വിജയിക്കാത്തവർക്ക് എട്ട് ദിവസത്തിനുള്ളിൽ റീ-ടെസ്റ്റിനുള്ള അവസരവും നൽകും. ലേണേഴ്‌സ് ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് മൂന്ന് ദിവസത്തിനുള്ളിൽ പരീക്ഷാ തീയതി അനുവദിക്കുമെന്നും സർക്കുലറിൽ പറയുന്നു.

ഫിറ്റ്‌നസ് പരിശോധനയും ഡ്രൈവിംഗ് ടെസ്റ്റും ഒരേ ദിവസം നടത്തരുതെന്ന നിലവിലെ നിയന്ത്രണവും പിൻവലിച്ചിട്ടുണ്ട്. നിലവിൽ കെട്ടിക്കിടക്കുന്ന എല്ലാ അപേക്ഷകളും അടുത്ത മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കാൻ മറ്റ് ജോലികൾ മാറ്റിവെച്ചും നടപടികൾ സ്വീകരിക്കണമെന്ന് ഗതാഗത കമ്മീഷണർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

മൂന്ന് മാസത്തിന് ശേഷം സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി അധിക പരിഷ്കാരങ്ങൾ നടപ്പാക്കാനും മോട്ടോർ വാഹനവകുപ്പ് പദ്ധതിയിടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button