“സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ചെലവ് കൂട്ടരുതെന്ന് വകുപ്പുകൾക്ക് ധനവകുപ്പിന്റെ കർശന നിർദേശം”

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ സർക്കാർ ചെലവുകൾ കർശനമായി നിയന്ത്രിക്കാൻ ധനവകുപ്പ് എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി. അടുത്ത സാമ്പത്തിക വർഷത്തെ ബജറ്റ് തയ്യാറാക്കുന്നതിനുള്ള സർക്കുലറിലാണ് ചെലവ് വർധിപ്പിക്കരുതെന്നും പുതുക്കിയ എസ്റ്റിമേറ്റ് ബജറ്റ് എസ്റ്റിമേറ്റിനെ കവിയാൻ പാടില്ലെന്നും നിർദേശിച്ചിരിക്കുന്നത്.

സാമ്പത്തിക നേട്ടമില്ലാത്ത പദ്ധതികൾ ഒഴിവാക്കണമെന്നും അടിയന്തര ആവശ്യകതയില്ലാത്ത അറ്റകുറ്റപ്പണികൾ മാറ്റിവയ്ക്കണമെന്നും സർക്കുലറിൽ പറയുന്നു. വിവിധ വകുപ്പുകളിലെ അധിക ജീവനക്കാരെ പിരിച്ചുവിടാതെ ഒഴിവുകൾ ഉണ്ടാകുന്ന തസ്തികകളിലേക്ക് പുനർനിയമിക്കാനാണ് നിർദേശം. ശമ്പളച്ചെലവ് കൃത്യമായി കണക്കാക്കണമെന്നും മുൻവർഷത്തേക്കാൾ ചെലവ് വർധിക്കുന്നുണ്ടെങ്കിൽ അതിന് വ്യക്തമായ വിശദീകരണം നൽകണമെന്നും ധനവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതുമുതൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് സാമ്പത്തിക അവസ്ഥ വിശദീകരിക്കുന്നതിനായി ധവളപത്രവും സർക്കാർ പുറത്തിറക്കിയിരുന്നു. മുൻ എൽഡിഎഫ് സർക്കാരിനെ അമിതമായ വായ്പയെടുപ്പിന്റെ പേരിൽ വിമർശിച്ചിരുന്ന യുഡിഎഫ് സർക്കാർ, അധികാരത്തിലെത്തിയശേഷം ഇതുവരെ നാല് ഘട്ടങ്ങളിലായി ഏകദേശം 10,000 കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചെലവ് നിയന്ത്രിക്കാൻ കൂടുതൽ കർശന നിർദേശങ്ങളുമായി ധനവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button