എട്ടുമാസം ഗർഭിണിയായ ഭാര്യയെ ഭർത്താവ് മദ്യലഹരിയിൽ വെട്ടിക്കൊന്നു

മഹോബ (ഉത്തർപ്രദേശ്): എട്ടുമാസം ഗർഭിണിയായ യുവതിയെ മദ്യലഹരിയിലായ ഭർത്താവ് രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മഹോബ ജില്ലയിലെ ബിജ്രാരി ഗ്രാമത്തിൽ വെള്ളിയാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നത്. മനീഷയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഹനീഫ് മൻസൂരിയാണ് അറസ്റ്റിലായത്.

പൊലീസിന്റെ വിവരങ്ങൾ പ്രകാരം, മദ്യലഹരിയിൽ വീട്ടിലെത്തിയ ഹനീഫ് വീണ്ടും മദ്യം കഴിക്കുന്നത് ഭാര്യ മനീഷ എതിർത്തതോടെയാണ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായത്. പ്രകോപിതനായ പ്രതി അരിവാൾ ഉപയോഗിച്ച് മനീഷയുടെ തലയിലും ശരീരത്തിലും നിരവധി വെട്ടുകൾ ഏൽപ്പിക്കുകയായിരുന്നു. അഞ്ചും രണ്ടും വയസുള്ള മക്കളുടെ മുന്നിലായിരുന്നു ആക്രമണം.

കൊലപാതകത്തിന് ശേഷം സംഭവം മറച്ചുവയ്ക്കാൻ പ്രതി തന്നെയാണ് പൊലീസിനെ വിളിച്ച് കള്ളക്കഥ പറഞ്ഞത്. എന്നാൽ, സംഭവത്തിന് ദൃക്സാക്ഷിയായ അഞ്ചുവയസുകാരന്റെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. തുടർന്ന് പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിൽ പ്രതിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൊല്ലപ്പെട്ട മനീഷയെ ഭർത്താവ് നേരത്തെയും നിരന്തരം ഉപദ്രവിച്ചിരുന്നതായും, സംശയസ്വഭാവം കാരണം നിസാര കാര്യങ്ങൾക്കുപോലും മർദിക്കാറുണ്ടായിരുന്നുവെന്നും യുവതിയുടെ സഹോദരൻ ആരോപിച്ചു. പലതവണ വീട്ടിൽ നിന്ന് പുറത്താക്കിയിട്ടും മക്കളുടെ ഭാവി കണക്കിലെടുത്ത് മനീഷ വീണ്ടും കുടുംബത്തിലേക്ക് മടങ്ങിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട ബന്ധുക്കൾ, രണ്ട് പിഞ്ചുകുഞ്ഞുങ്ങളുടെ ഭാവിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. അതേസമയം, പ്രതിയുടെ പിതാവും മകന് കർശന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. കൊച്ചുമക്കളെ താൻ സ്വന്തം സംരക്ഷണത്തിൽ വളർത്തുമെന്നും അദ്ദേഹം അറിയിച്ചു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button