തിരുവനന്തപുരം നഗരമധ്യത്തിൽ പട്ടാപ്പകൽ കൊലപാതകം; അയൽവാസിയെ വെട്ടിക്കൊന്ന് പ്രതി ഒളിവിൽ

തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകൽ നടന്ന വെട്ടിക്കൊലയിൽ ഒരാൾ മരിച്ചു. കൈതമുക്കിന് സമീപം ഇന്ന് ഉച്ചയോടെയാണ് സംഭവം. വിശാഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. അയൽവാസിയായ പ്രദീപാണ് വാളുപയോഗിച്ച് വിശാഖിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇരുവരും തമ്മിൽ നേരത്തേ തന്നെ വ്യക്തിവൈരാഗ്യവും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളും നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. ഇതേ തുടർന്ന് വിശാഖ് മുമ്പ് പ്രദീപിനെ ആക്രമിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്നുവെന്നും, അതിനുശേഷം ഇരുവരും തമ്മിലുള്ള ശത്രുത കൂടുതൽ രൂക്ഷമായിരുന്നുവെന്നും പൊലീസ് പറയുന്നു.
സംഭവത്തെ തുടർന്ന് വിശാഖ് മലയിൻകീഴിലുള്ള ഒരു വീട്ടിലായിരുന്നു താമസം. ഇന്ന് ഭക്ഷണം കഴിക്കാനായി കൈതമുക്കിലെത്തിയപ്പോഴാണ് വീണ്ടും ഇരുവരും തമ്മിൽ തർക്കമുണ്ടായത്. തുടർന്ന് പ്രദീപ് വാളുകൊണ്ട് വിശാഖിനെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിശാഖിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചു.
കൊലപാതകത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. പ്രതിക്കായി വ്യാപക അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.



