സ്വർണത്തട്ടിപ്പിനൊപ്പം വസ്തു തട്ടിപ്പും; സിന്ധുവിനെതിരെ അന്വേഷണം ശക്തമാക്കി

തിരുവനന്തപുരം: വിഴിഞ്ഞം സ്വർണപ്പണയ തിരിമറിയിൽ പ്രതിയായ പനങ്ങോട് സ്വദേശി സിന്ധു റാക്കറ്റിന്റെ ഭാഗമാണോ എന്ന് അന്വേഷിക്കാനൊരുങ്ങി പൊലീസ്. നിലവിൽ സിന്ധുവിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചുവരികയാണ്. ഇവരുടെ സാമ്പത്തിക സ്രോതസിനെക്കുറിച്ചും വിഴിഞ്ഞം പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വർണപ്പണയ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരുടെ ആത്മഹത്യയ്‌ക്ക് പിന്നാലെ സിന്ധുവിനെതിരെ കൂടുതൽപ്പേർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നുണ്ട്.

സിന്ധു 41പവൻ തട്ടിയെടുത്തുവെന്ന് കാട്ടി ഒരു കുടുംബം പരാതി നൽകിയിട്ടുണ്ട്. അഞ്ച്, പത്ത് പവൻ വീതം തട്ടിയെടുത്തുവെന്നും നിരവധിപേർ പരാതിപ്പെട്ടിട്ടുണ്ട്. സ്വർണം തട്ടിക്കുന്നതിന് പുറമേ പലരിൽ നിന്നും വസ്‌തുവിന്റെ പ്രമാണം വാങ്ങിയും ഇവർ പണയപ്പെടുത്താറുണ്ടായിരുന്നു. സ്വർണപ്പണയ സ്ഥാപനത്തിലേക്ക് സിന്ധു എത്തുന്നത് പതിവാണെന്നാണ് സമീപവാസികൾ പറയുന്നത്.സ്വർണപ്പണയ സ്ഥാപനത്തിന്റെ ഉടമ അറിയാതെ സിന്ധുവിന് പണയം വയ്‌ക്കാനായി 70 പവൻ സ്വർണം ജീവനക്കാരായ അഞ്ജുവും ഐശ്വര്യയും നൽകിയിരുന്നു.

ഈ സ്വർണം ഉടമകൾക്ക് തിരികെ കൊടുക്കാൻ പറ്റാതായതോടെയാണ് കഴിഞ്ഞ മാസം 30ന് ഷാർജാ ജ്യൂസിൽ വിഷം കലർത്തി ഇരുവരും ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്‌ച ഉച്ചയോടെയാണ് അഞ്ജു മരിച്ചത്. ഇന്ന് രാവിലെ ഐശ്വര്യയും മരിച്ചു. സിന്ധുകുമാരിക്കെതിരെ കത്തെഴുതി വച്ചശേഷമാമ് ഇരുവരും വിഷം കഴിച്ചത്.

മലയിൻകീഴ് മച്ചേലിലെ ബന്ധുവീട്ടിൽ നിന്ന് ഞായറാഴ്‌‌ച സിന്ധുകുമാരിയെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു. സിന്ധുകുമാരിയുടെ വീട് റെയ്‌ഡ് ചെയ്തപ്പോൾ വ്യാജ വിസിറ്റിംഗ് കാർഡുകളും ബിൽ ബുക്കും കണ്ടെടുത്തു. പ്രതിക്കെതിരെ കോവളം സ്റ്റേഷനിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടത്തിയതിന് രണ്ടുകേസും മലയിൽകീഴ് സ്റ്റേഷനിൽ വഞ്ചനാകുറ്റത്തിന് കേസുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button