കൊല്ലം പുനലൂരില്‍ യുവാക്കളുടെ കൂട്ടത്തല്ല്; ബേക്കറിയില്‍ വ്യാപക നാശനഷ്ടം

കൊല്ലം: പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ തമ്മില്‍ ഏറ്റുമുട്ടി. കൊല്ലം പുനലൂരിലെ ‘അംബാസിഡര്‍ ബേക്കറി’ യിലാണ് സംഭവം. പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ ജൂലായ് രണ്ട് (വ്യാഴാഴ്ച) രാത്രി ഒമ്പത് മണിയോടെയാണ് കൂട്ടത്തല്ലുണ്ടായത്. യുവാക്കള്‍ തമ്മില്‍ മുമ്പുണ്ടായിരുന്ന വൈരാഗ്യമാണ് കൂട്ടത്തല്ലിലേക്ക് എത്തിയത് എന്നാണ് പ്രദേശവാസികള്‍ നല്കുന്ന വിവരം.
ബേക്കറിക്ക് മുന്നിലാണ് ആദ്യം വാക്കേറ്റവും തര്‍ക്കവുമുണ്ടായത്. പിന്നീട് ഇത് സംഘര്‍ഷമായി ബേക്കറിക്ക് ഉള്ളിലേക്ക് വ്യാപിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്ത് വന്നിട്ടുണ്ട്. ബേക്കറിക്ക് പുറത്തുവച്ചുണ്ടായ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് അകത്തും ഉണ്ടായത്. രണ്ട് ചേരികളായി തിരിഞ്ഞുണ്ടായ വാക്കേറ്റം പിന്നീട് സംഘര്‍ഷത്തിലേക്ക് എത്തുകയായിരുന്നുവെന്ന് കാണിച്ചാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
ബേക്കറിയിലേക്ക് ഓടിക്കയറിയ യുവാക്കള്‍ അവിടെയുണ്ടായിരുന്ന കസേരകളും മറ്റും എടുത്ത് പരസ്പരം ആക്രമിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബേക്കറിക്കുള്ളില്‍ വ്യാപകമായ നാശനഷ്ടമുണ്ടായെന്നാണ് വിവരം.സിസിടിവി ദൃശ്യങ്ങളടക്കം തെളിവാക്കി ബേക്കറി ഉടമ പുനലൂര്‍ പൊലീസില്‍ പരാതി നല്കി. എന്നാല്‍ പുനലൂര്‍ പൊലീസ് കേസ് എടുത്തിട്ടില്ലെന്നാണ് ലഭ്യമാകുന്ന വിവരം.



