‘അമ്മ’ വിവാദത്തിൽ ശ്വേത മേനോൻ തുറന്നടിച്ചു; പിഷാരടിക്കും ഗണേഷിനും മറുപടി

താരസംഘടനയായ അമ്മയില്‍ അധികാര തര്‍ക്കം. ജൂണ്‍ 21 ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് പിന്നാലെ ശ്വേത മേനോന്‍ പ്രസിഡന്‍റായ ഭരണ സമിതി ഒന്നാകെ രാജി വച്ചിരുന്നു. പിന്നാലെ രമേഷ് പിഷാരടി അധ്യക്ഷനായ അഡ്ഹോക്ക് കമ്മിറ്റിയും നിലവില്‍ വന്നു. അഡ്ഹോക്ക് കമ്മിറ്റിയുടെ യോഗം ഇന്ന് കൊച്ചിയില്‍ നടന്നിരുന്നു. ശ്വേത മേനോന്‍ അടക്കമുള്ളവര്‍ സംഘടനയ്ക്ക് രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടിയും അഡ്ഹോക്ക് കമ്മിറ്റി അംഗമായ ഗണേഷ് കുമാറും ആരോപിച്ചിരുന്നു.
ഇപ്പോഴിതാ ഇതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ശ്വേത മേനോന്‍. അമ്മയുടെ ബൈലോ പ്രകാരം രാജി വച്ച കമ്മിറ്റിക്കാണ് അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സംഘടനയുടെ ഭരണ ചുമതലയെന്നും അഡ്ഹോക്ക് കമ്മിറ്റിക്ക് സാധുതയില്ലെന്നും ശ്വേത മേനോന്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയാണ് ശ്വേതയുടെ പ്രതികരണം. കുറ്റാരോപിതരായ ചില സ്ഥാപിത താല്‍പര്യങ്ങള്‍ അമ്മയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുകയാണെന്നും കുറിപ്പിലുണ്ട്.
ശ്വേത മേനോന്‍റെ കുറിപ്പ്
ഇത്രയും ദിവസം ഞാൻ മൗനം പാലിച്ചത് അമ്മയ്ക്ക് വേണ്ടിയായിരുന്നു. ഞാന്‍ നിശബ്ദത പാലിച്ചാല്‍ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിക്കുമെന്ന് ഞാന്‍ കരുതി. പക്ഷേ എന്‍റെ പേര് തുടര്‍ച്ചയായി ലക്ഷ്യം വെക്കപ്പെടുകയും കരിവാരിത്തേക്കാന്‍ ശ്രമം നടക്കുകയുമാണ്. എന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി ഞാൻ പടിയിറങ്ങില്ല.
അവര്‍ ഇന്ന് പറഞ്ഞത് ഞാന്‍ ജനങ്ങളെ വഞ്ചിച്ചുവെന്നാണ്. അമ്മയെ അനാഥമാക്കിയെന്ന്. അല്ല. ഞാൻ ആരെയും വഞ്ചിച്ചിട്ടില്ല. അമ്മയെ അനാഥമാക്കിയിട്ടുമില്ല. ജൂണ്‍ 21 ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍, ഞങ്ങളുടെ കമ്മിറ്റി രാജി വെക്കണം എന്ന മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടയുമായിട്ടാണ് ചിലർ വന്നത്.
കൃത്യമായി പറഞ്ഞാല്‍ 10- 15 പേര്‍. അവർ നിരവധി ആരോപണങ്ങൾ ഉൾക്കൊള്ളുന്ന, നേരത്തെ അച്ചടിച്ച ഒരു പ്രമേയം വിതരണം ചെയ്തു. അതില്‍ എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരായുള്ള അടിസ്ഥാനമില്ലാത്ത നിരവധി ആരോപണങ്ങള്‍ ഉണ്ടായിരുന്നു. അതിന് ഞങ്ങള്‍ക്ക് വ്യക്തവും വിവരാധിഷ്ഠിതവും നിയമപരവുമായ ഉത്തരങ്ങള്‍ ഉണ്ടായിരുന്നു. ആ പ്രമേയം എനിക്ക് കൈമാറിയെങ്കിലും, അമ്മയിലെ ബൈലോ ആര്‍ട്ടിക്കിള്‍ 12 (ഇ) പ്രകാരം അത് പാസായിട്ടില്ല. അന്ന് ഹാജരായ 243 അംഗങ്ങളിൽ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷമായ 162 അംഗങ്ങളുടെ പിന്തുണ ലഭിക്കാത്തതിനാൽ ആ പ്രമേയം പാസ്സായിട്ടുമില്ല. അതിന് യാതൊരു നിയമബലവുമില്ല.
ജനറല്‍ ബോഡിയുടെ തീരുമാനമാണ് അഡ്ഹോക്ക് കമ്മിറ്റിയെന്ന് ഇന്ന് അവര്‍ പറഞ്ഞു. അവരോട് എനിക്ക് ചോദിക്കാനുള്ളത് ഇതാണ്. അമ്മയുടെ ബൈലയില്‍ എവിടെയാണ് അഡ്ഹോക്ക് കമ്മിറ്റി എന്നൊരു സംവിധാനം ഉള്ളത്? ബൈലോയില്‍ ഇല്ലാത്ത ഒരു കമ്മിറ്റി എങ്ങനെയാണ് നിലവിൽ വന്നത്? ബൈലോ വളരെ വ്യക്തമായി പറയുന്നുണ്ട്.
ഒരു കമ്മിറ്റി പൂർണ്ണമായും ഒഫിഷ്യലി രാജി വച്ചാൽ പുതിയ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി വരുന്നതുവരെ തുടരേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പഴയ കമ്മിറ്റി തന്നെയാണ്. ലാലേട്ടന്റെ കമ്മിറ്റി രാജിവെച്ചപ്പോൾ സ്വീകരിച്ചത് ഈ നിലപാടാണ്. പിന്നെ എന്തുകൊണ്ടാണ് ഞങ്ങളുടെ കമ്മിറ്റിക്ക് മാത്രം ഈ നീതി ലഭിക്കാത്തത്? ചില സ്ഥാപിത താല്‍പര്യങ്ങള്‍ ഞങ്ങള്‍ക്ക് മാത്രം വേറെ നിയമം അനുശാസിക്കുന്നത് എന്തുകൊണ്ടാണ്?
അമ്മയുടെ ബൈലോ പ്രകാരം ഒരു കമ്മിറ്റിയേ പാടുള്ളൂ. അത് ഞങ്ങളുടെ കമ്മിറ്റിയാണ്. ജനറല്‍ ബോഡിയുടെ തീരുമാന പ്രകാരം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുക്കാനുള്ള അടുത്ത തിരഞ്ഞെടുപ്പ് നടക്കുംവരെ അതാവും തുടരുക. അതിനാല്‍ അഡ്ഹോക്ക് കമ്മിറ്റി എന്ന് പ്രഖ്യാപിക്കുന്നവര്‍ക്ക് നിയമസാധുതയില്ല. അമ്മ അംഗങ്ങളെ അവര്‍ തെറ്റിദ്ധരിപ്പിക്കുകയുമാണ്. അമ്മ ഒരു ചാരിറ്റി സംഘടനയാണ്.
ഇതിലൂടെ സഹായം ലഭിക്കുന്ന ഒത്തിരി പേരുണ്ട്. ജനറല്‍ ബോഡി മീറ്റിംഗ് കഴിഞ്ഞ് ഇന്നുവരെ അമ്മയുടെ യാതൊരു പ്രവർത്തനങ്ങളിലും വീഴ്ച സംഭവിച്ചിട്ടില്ല. ജൂലൈ 1 ന് നൽകേണ്ട കൈനീട്ടം ഞങ്ങൾ അംഗങ്ങൾക്ക് കൃത്യമായി എത്തിച്ചിട്ടുണ്ട്, സഞ്ജീവിനി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്…ഇതെല്ലാം ഞങ്ങൾ കൃത്യമായി ചെയ്യുന്നുണ്ട്. എന്റെ നിശബ്ദത മുതലെടുത്ത് അമ്മയിലെ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് കുറ്റാരോപിതരായ ചില സ്ഥാപിത താല്‍പര്യങ്ങള്‍ അമ്മയെ ഹൈജാക്ക് ചെയ്യാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ അമ്മയെ ഹൈജാക്ക് ചെയ്യാൻ ആരെയും ഞാൻ അനുവദിക്കില്ല. എന്ന് സ്വന്തം, ശ്വേത മേനോൻ, അമ്മ പ്രസിഡന്‍റ്.



