പ്രതിശ്രുത വരനെ കൊന്ന കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ഗൂഗിൾ സെർച്ച് ചരിത്രം പുറത്ത്

ന്യൂഡൽഹി: പ്രമുഖ വ്യവസായിയായ വിശാൽ അഗർവാളിന്റെ മകൻ കേതൻ വിശാൽ അഗർവാൾ കൊലക്കേസിൽ നിർണായക വിവരങ്ങൾ പുറത്തുവിട്ട് അന്വേഷണ ഉദ്യോഗസ്ഥർ. കേസിലെ പ്രതികളായ കേതന്റെ പ്രതിശ്രുത വധു സിയ ഗോയലും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും കൊല ചെയ്യാനുള്ള മാർഗങ്ങൾ ഗൂഗിളിൽ തെരഞ്ഞെന്നാണ് കണ്ടെത്തൽ.
ലോഹഗഡ് കോട്ടയിൽവച്ച് ചിത്രങ്ങൾ പകർത്തുന്നതിനിടെ സിയയും കാമുകനും ചേർന്ന് കേതനെ 400 അടി താഴ്ചയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് മുൻപ് റിഹേഴ്സൽ നടത്താൻ സിയയും ചേതനും ലോഹഗഡിലെത്തി. കൊലയ്ക്കുശേഷം പൊലീസ് പിടികൂടിയാൽ പറയാനുള്ള മറുപടികൾ തയ്യാറാക്കുകയും പരിശീലിക്കുകയും ചെയ്തു.കൊലപാതക സമയം ആർക്കും സംശയം തോന്നാതിരിക്കാൻ വേഷം മാറിയെത്താനും ഇവർ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു.
കൊലയ്ക്ക് മുൻപും ശേഷവും സിയയും ചേതനും തങ്ങളുടെ ചാറ്റ് ഹിസ്റ്ററി കളയുകയും റീസൈക്കിൾ ബിൻ ക്ളിയർ ചെയ്യുകയും ചെയ്തു. കൊലപാതക ശ്രമം പൊളിഞ്ഞാൽ മറ്റൊരു പ്ളാൻ സിയും ഇവർക്കുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ന് സിയയെും ചേതനെയും കൊലനടന്ന സ്ഥലത്തെത്തിച്ച് പൊലീസ് സംഭവം പുനഃരാവിഷ്കരിച്ചു.
ജൂൺ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രീവെഡിംഗ് ഫോട്ടോഷൂട്ടിനെന്ന വ്യാജേന കേതനെ ലോഹഗഡ് കോട്ടയിലേക്ക് സിയ വിളിച്ചുവരുത്തുകയായിരുന്നു. പദ്ധതി പ്രകാരം ഒളിഞ്ഞിരുന്ന ചേതൻ പുറകിൽ നിന്നെത്തുകയും ഇരുവരും ചേർന്ന് കേതനെ താഴ്ചയിലേക്ക് തള്ളിയിടുകയുമായിരുന്നു. കോട്ടയിൽ സിയയോടൊപ്പം ട്രക്കിംഗ് യാത്രയ്ക്കിടെ കേതൻ അഗർവാൾ ഒരു മലയിടുക്കിൽ വീണ് മരിച്ചു എന്നായിരുന്നു ആദ്യം വിവരം പുറത്തുവന്നത്.



