ജൂനിയര്‍ ‘സീനിയ’റായി; ചീഫ് സെക്രട്ടറി നിയമനത്തില്‍ രാജു നാരായണസ്വാമി തഴയപ്പെട്ടതെന്തുകൊണ്ട്?

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി 1992 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബിശ്വനാഥ് സിന്‍ഹയെ നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ ഭരണ-ഉദ്യോഗസ്ഥ തലങ്ങളില്‍ കടുത്ത അതൃപ്തി പുകയുന്നു. ജൂണ്‍ 30-ന് അദ്ദേഹം ചുമതലയേല്‍ക്കുമ്പോള്‍, ചോദ്യം ചെയ്യപ്പെടുന്നത് കേരള കേഡറിലെ ഏറ്റവും സീനിയറായ ഐ.എ.എസ് ഉദ്യോഗസ്ഥരില്‍ ഒരാളായ രാജു നാരായണസ്വാമിയെ എന്തുകൊണ്ട് വീണ്ടും തഴഞ്ഞു എന്നത് തന്നെയാണ്. സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ഈ നിയമനം ചര്‍ച്ചയാകുകയാണ്. അങ്ങനെ വന്ന പോസ്റ്റാണ് ഈ വാര്‍ത്തയ്ക്ക് ആധാരം

ചീഫ് സെക്രട്ടറി നിയമനത്തില്‍ സീനിയോറിറ്റിയും സേവനപരിചയവും മാനദണ്ഡമാക്കണമെന്ന കീഴ് വഴക്കത്തെ കാറ്റില്‍പ്പറത്തിയാണ് സര്‍ക്കാര്‍ നീക്കം. മനോജ് ജോഷി, രാജേഷ് കുമാര്‍ സിംഗ് തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കേന്ദ്ര ഡെപ്യൂട്ടേഷനിലാണെന്ന സര്‍ക്കാര്‍ ന്യായീകരണം കേവലം ഒഴികഴിവ് മാത്രമാണെന്ന് ആക്ഷേപമുണ്ട്. 1991 ബാച്ചിലെ ഉദ്യോഗസ്ഥനായ രാജു നാരായണസ്വാമി ബിശ്വനാഥ് സിന്‍ഹയേക്കാള്‍ സീനിയറാണ്. എന്നിട്ടും അദ്ദേഹത്തെ ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു. ചീഫ് സെക്രട്ടറി പോസ്റ്റ് കേവലം സീനിയോറിറ്റി നോക്കിയല്ല, മറിച്ച് സര്‍ക്കാരിന്റെ വിവേചനാധികാരമുള്ള ‘സെലക്ഷന്‍ പോസ്റ്റ്’ ആണെന്ന വാദമാണ് സര്‍ക്കാര്‍ നിരത്തുന്നത്. എന്നാല്‍, ഈ വിവേചനാധികാരം ഭരണകൂടത്തിന് വേണ്ടപ്പെട്ടവരെ മാത്രം വാഴിക്കാനുള്ള ഉപാധിയായി മാറുന്നുവെന്നതാണ് വിമര്‍ശനം.

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന, സ്വതന്ത്ര നിലപാടുകള്‍ പുലര്‍ത്തുന്ന ഉദ്യോഗസ്ഥരോടുള്ള സര്‍ക്കാരിന്റെ പകവീട്ടലായി വേണം ഈ നിയമനത്തെ കാണാനെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന് ഭരണതലപ്പത്ത് എത്താനുള്ള അവസരം നിഷേധിക്കപ്പെടുന്നത് ജനാധിപത്യത്തിന് തന്നെ കളങ്കമാണ്. ഭരണകൂടത്തിന് വേണ്ടത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും കൂട്ടുനില്‍ക്കുന്ന ‘അനുസരണയുള്ള’ ഉദ്യോഗസ്ഥരെ മാത്രമാണെന്ന പഴയ യാഥാര്‍ത്ഥ്യം ഈ നിയമനത്തിലൂടെ വീണ്ടും സ്ഥിരീകരിക്കപ്പെടുകയാണ്.

അപ്രധാന തസ്തികകളിലേക്ക് നിരന്തരം മാറ്റിനിര്‍ത്തപ്പെടുന്ന രാജു നാരായണസ്വാമിയെപ്പോലെയുള്ള ഉദ്യോഗസ്ഥരുടെ അവസ്ഥ, നാളെയുടെ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയൊരു മുന്നറിയിപ്പാണ്. അധികാരത്തിന്റെ ഇടനാഴികളില്‍ സത്യസന്ധതയ്ക്ക് സ്ഥാനമില്ലെന്ന സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. നാടിന്റെ വികസനത്തിന് സത്യസന്ധരായ ഉദ്യോഗസ്ഥരുടെ സേവനം അനിവാര്യമാണെന്നിരിക്കെ, സ്വതന്ത്ര ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂട നടപടികള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button