ഇഡി ആക്രമണക്കേസ്: 9-ാം പ്രതിക്ക് ജാമ്യം; പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ഒത്തുകളി ആരോപണം ശക്തം

തിരുവനന്തപുരം: ഇഡിയെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിക്ക് ജാമ്യം ലഭിച്ചതോടെ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരായ ഒത്തുകളി ആരോപണം ശക്തമാകുന്നു. പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായ നിലപാടാണ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ സ്വീകരിച്ചതെന്നാണ് പുറത്തുവന്ന രേഖകൾ സൂചിപ്പിക്കുന്നത്.

ഇഡിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിന് കഴിഞ്ഞ ദിവസം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിൽ ഒരു പ്രതിക്ക് ആദ്യമായാണ് ജാമ്യം ലഭിക്കുന്നത്. അന്വേഷണം ഏകദേശം പൂർത്തിയായെന്നും പ്രതിയെ ഇനി കസ്റ്റഡിയിൽ വേണമെന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഈ വാദം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.

എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ മ്യൂസിയം സി.ഐ പ്രതിയുടെ ജാമ്യത്തെ ശക്തമായി എതിർത്ത് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അതിനിടെയാണ് പ്രതിയെ കസ്റ്റഡിയിൽ തുടരേണ്ട ആവശ്യമില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചത്.

ജാമ്യം അനുവദിച്ചതിന് പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം സിറ്റി പൊലീസ് കമ്മീഷണർക്ക് കത്തുനൽകിയതായും വിവരം ലഭിച്ചു.

അതേസമയം, പൊലീസ് റിപ്പോർട്ട് അവസാന നിമിഷത്തിലാണ് കോടതിയിൽ എത്തിയതെന്നാണ് പബ്ലിക് പ്രോസിക്യൂട്ടറുടെ വിശദീകരണം. കേസിൽ എന്ത് നിലപാട് സ്വീകരിക്കണമെന്നത് പൊലീസ് വ്യക്തമാക്കിയില്ലെന്നും അവർ പ്രതികരിച്ചു.

എന്നാൽ ജാമ്യം നിഷേധിക്കേണ്ടതിന് 13 വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയ പൊലീസ് റിപ്പോർട്ട് ഈ മാസം 18-നുതന്നെ കോടതിയിൽ സമർപ്പിച്ചിരുന്നുവെന്നാണ് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നത്. റിപ്പോർട്ട് സമർപ്പിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താത്തത് കൂടുതൽ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button