23കാരിയുടെ ഗർഭപാത്രം നീക്കം ചെയ്യാൻ അനുമതി; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി

Bengaluru: മാനസിക ദൗർബല്യം നേരിടുന്ന 23കാരിയുടെ ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് അനുമതി നൽകി Karnataka High Court. ആർത്തവസമയത്ത് വ്യക്തിപരമായ ശുചിത്വം പാലിക്കാൻ കഴിയാത്തത് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് കോടതി നിർണായക വിധി പ്രസ്താവിച്ചത്.
Justice Suraj Govindaraj അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിശോധിച്ച ശേഷം ശസ്ത്രക്രിയയ്ക്ക് അനുമതി നൽകിയത്. രോഗിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വ്യക്തമായ സാഹചര്യത്തിലും, യുവതിയുടെ ആരോഗ്യവും അന്തസും സംരക്ഷിക്കാൻ ശസ്ത്രക്രിയ അനിവാര്യമാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടുമാത്രമാണ് അനുമതി നൽകുന്നതെന്ന് കോടതി വ്യക്തമാക്കി.
ഒരു വ്യക്തിക്ക് വൈകല്യമുണ്ടെന്ന കാരണമാത്രം ചൂണ്ടിക്കാട്ടി ഇത്തരം ശസ്ത്രക്രിയകൾ അനുവദിക്കാവുന്നതായി ഈ വിധിയെ കാണരുതെന്നും കോടതി പ്രത്യേകമായി നിരീക്ഷിച്ചു.
കേസുമായി ബന്ധപ്പെട്ട് മനഃശാസ്ത്രം, മാനസികാരോഗ്യം, ന്യൂറോളജി, ഗൈനക്കോളജി, റേഡിയോളജി, അനസ്തീഷ്യ തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചിരുന്നു. പരിശോധനയിൽ യുവതിക്ക് 75 ശതമാനത്തിലധികം സ്ഥിരവൈകല്യമുണ്ടെന്നും, ആർത്തവ ശുചിത്വം സ്വയം കൈകാര്യം ചെയ്യാൻ കഴിയാത്തതിനാൽ ആവർത്തിച്ചുള്ള അണുബാധകളും മറ്റ് ആരോഗ്യ പ്രശ്നങ്ങളും നേരിടുന്നുണ്ടെന്നും മെഡിക്കൽ ബോർഡ് കണ്ടെത്തി.
ഈ റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ എല്ലാ മെഡിക്കൽ ക്രമീകരണങ്ങളും ഒരുക്കണമെന്നും, തുടർചികിത്സ, കൗൺസിലിംഗ്, പുനരധിവാസ സേവനങ്ങൾ എന്നിവ ഉറപ്പാക്കണമെന്നും ആശുപത്രി അധികൃതർക്ക് കോടതി നിർദേശം നൽകി.



