ബോബിയെ ഓർത്ത് അനുസ്മരണയോഗം; കിളിമാനൂരിൽ ശ്രദ്ധേയമായി ചടങ്ങ്

കിളിമാനൂർ: മുൻ ആറ്റിങ്ങൽ എം.എൽ.എ അഡ്വ. ബി. സത്യന്റെയും ഡോ. ലീന തോമസിന്റെയും മകൻ ബോബിയുടെ ചരമ വാർഷികത്തോടനുബന്ധിച്ച് 9-ാം അനുസ്മരണയോഗം സംഘടിപ്പിച്ചു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ തട്ടത്തുമല ബോബി മെമ്മോറിയൽ ബഡ്സ് സ്കൂളിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ എസ്.വി ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. സത്യശീലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ. ബി. സത്യൻ, ഡോ. ലീന തോമസ്, വൈസ് പ്രസിഡന്റ് ജി.എൽ. അജീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ എസ്. ബിന്ദു, പി. ലീന, അസിസ്റ്റന്റ് സെക്രട്ടറി ബോബി എസ്. എന്നിവർ പങ്കെടുത്തു.
പൊതുപ്രവർത്തകരായ വല്ലൂർ ആർ. രാജീവും എസ്. സിബിയും അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് ചെമ്പകശ്ശേരി വാർഡ് അംഗം അഡ്വ. ആകാശ് എസ്. തട്ടത്തുമല സ്വാഗതവും ബഡ്സ് സ്കൂൾ അധ്യാപിക ജെ. ആശ നന്ദിയും രേഖപ്പെടുത്തി.
ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എല്ലാ വർഷവും ജൂൺ 22-ന് ബോബി മെമ്മോറിയൽ ബഡ്സ് സ്കൂളിൽ അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നതായി സംഘാടകർ അറിയിച്ചു.



