പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; രണ്ടാം കേസിലും കുറ്റക്കാരനായി മനു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ മുൻ പരിശീലകനായ മനു എം (40) രണ്ടാമത്തെ ബലാത്സംഗ കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. അതിവേഗ പ്രത്യേക കോടതി ജഡ്‌ജി അഞ്ജു മീര ബിർളയാണ് ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാളുടെ ശിക്ഷാ വിധി ചൊവ്വാഴ്‌ച പറയും.

തലസ്ഥാനത്തെ പ്രമുഖ ക്രിക്കറ്റ് കോച്ചിംഗ് സെന്ററിൽ പരിശീലകനായിരുന്നു മനു. 2018 മുതൽ ഇവിടെ കോച്ചിംഗിനെത്തിയ പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. പരിശീലനത്തിനെത്തി കുറച്ച് നാളുകൾ പിന്നിട്ടപ്പോൾതന്നെ വിവിധ സ്ഥലങ്ങളിലെത്തിച്ച് കുട്ടിയെ പീഡീപ്പിക്കാൻ തുടങ്ങി. ഇതിനുപുറമെ കുട്ടിയുടെ നഗ്നവീഡിയോ പകർത്തി ഭീഷണിപ്പെടുത്താനും ആരംഭിച്ചു. മറ്റൊരു കേസിലെ അതിജീവിതയെ ഉപയോഗിച്ചാണ് കുട്ടിയുടെ നഗ്ന വീഡിയോ എടുത്തത്.

ഇയളുടെ താൽപര്യങ്ങൾക്ക് വഴങ്ങാതായതോടെ ശരിയായ കോച്ചിംഗ് നൽകാതെയായി. തുടർന്ന് പെൺകുട്ടി മറ്റൊരു കോച്ചിംഗ് സെന്ററിനെ ആശ്രയിക്കുകയായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ ക്രിക്കറ്റ് ഭാവി തകർക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ പ്രതിയുടെ കീഴിൽ കോച്ചിംഗിനെത്തിയ അഞ്ച് പെൺകുട്ടികളാണ് പീഡനത്തിന് ഇരയായത്.2024ൽ ഇയാൾക്കെതിരെ മറ്റൊരു പെൺകുട്ടി രംഗത്തെത്തിയതോടെയാണ് പീഡനവിവരങ്ങൾ പുറത്തെത്തിയത്.

തിരുവനന്തപുരത്ത് നടന്ന ക്രിക്കറ്റ് ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടി ഇയാളെ കണ്ടതോടെ ബഹളം വയ്‌ക്കുകയായിരുന്നു. കുട്ടി നിയമപരമായി പ്രതിക്കെതിരെ നീങ്ങിയതോടെ കൂടുതൽ പേർക്ക് കേസ് നൽകാനുള്ള ധൈര്യമായി.പരാതികളുടെ അടിസ്ഥാനത്തിൽ ആറുകേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. നിലവിൽ ഇതിൽ രണ്ടുകേസുകളിലാണ് ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button