വിവാദ വിവാഹത്തിന് പിന്നാലെ ഭീഷണി; വൈറൽ പെൺകുട്ടിയെ കണ്ടെത്താൻ നീക്കം

ഹൈക്കോടതി നിർദേശത്തെത്തുടർന്ന് കുംഭമേളയിലൂടെ ശ്രദ്ധേയയായ പെൺകുട്ടിക്ക് സുരക്ഷയൊരുക്കാൻ പൊലീസ് നടപടികൾ തുടങ്ങി. പെൺകുട്ടി ഇപ്പോൾ എവിടെയാണെന്ന് കണ്ടെത്തുന്നതിനായി സെൻട്രൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ആരാഞ്ഞ് പെൺകുട്ടിയുടെ അഭിഭാഷകന് പൊലീസ് നോട്ടീസ് അയച്ചു. തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി സുരക്ഷയൊരുക്കാൻ ഉത്തരവിട്ടത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ഈ വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

മാർച്ച് പതിനൊന്നിനാണ് കുംഭമേളയിൽ വൈറലായ പെൺകുട്ടിയും മുഹമ്മദ് ഫർമാനും കേരളത്തിൽ വെച്ച് വിവാഹിതരായത്. മാതാപിതാക്കളിൽ നിന്ന് നേരിടേണ്ടി വന്ന ഭീഷണികളെക്കുറിച്ചുള്ള ഗുരുതര ആരോപണങ്ങളുമായാണ് ഇരുവരും കേരളത്തിലെത്തിയത്. എന്നാൽ, പെൺകുട്ടിക്ക് 18 വയസ് തികഞ്ഞിട്ടില്ലെന്ന് കാണിച്ച് മധ്യപ്രദേശ് പൊലീസ് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്‌സിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

പെൺകുട്ടിയുടെ പിതാവ് മധ്യപ്രദേശ് പൊലീസിൽ നൽകിയ പരാതിയിൽ, പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് മുഹമ്മദ് ഫർഹാനെ പ്രതിയാക്കിയിട്ടുണ്ട്. പെൺകുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി രേഖകൾ തിരുത്തിയെന്നും വ്യാജ വിവരങ്ങൾ നൽകിയെന്നും മധ്യപ്രദേശ് പൊലീസ് ആരോപിക്കുന്നു. ആശുപത്രി രേഖകളും ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങളും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നും, പെൺകുട്ടിക്ക് പതിനാറ് വയസ് മാത്രമാണ് പ്രായമെന്നും അതിനാൽ ഈ വിവാഹം അസാധുവാണെന്നുമാണ് മധ്യപ്രദേശ് പൊലീസ് ഹൈക്കോടതിയിൽ ബോധിപ്പിച്ചത്. ഇക്കാരണത്താൽ വ്യാജരേഖ ചമച്ചതിന് കേസെടുക്കുമെന്നും അവർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button