ഐഎഫ്എഫ്കെ തിരുവനന്തപുരത്ത് തന്നെ വേണം; മന്ത്രി പി.സി വിഷ്ണുനാഥിന് ശശി തരൂരിന്റെ കത്ത്

തിരുവനന്തപുരം: പുതുതായി പ്രഖ്യാപിച്ച ജെ.സി ഡാനിയേൽ ഇന്റർനാഷണൽ ഫിലിം സിറ്റി പദ്ധതിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ, ഐ.എഫ്.എഫ്.കെ ചലച്ചിത്ര മേളയുടെ സ്ഥിരം വേദിയായി തലസ്ഥാന നഗരിയെത്തന്നെ നിലനിർത്തണമെന്ന ആവശ്യവുമായി ഡോ. ശശി തരൂർ എം.പി. ഇക്കാര്യമുന്നയിച്ച് സംസ്ഥാന സാംസ്കാരിക-സിനിമ-തുറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് അദ്ദേഹം കത്തയച്ചു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഐ.എഫ്.എഫ്.കെയുടെ ആസ്ഥാനം തിരുവനന്തപുരമാണെന്നും ആ പാരമ്പര്യം അവിടെത്തന്നെ തുടരണമെന്നും ശശി തരൂർ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബറിൽ വിജയകരമായി മുപ്പതാം പതിപ്പ് പൂർത്തിയാക്കിയ ഐ.എഫ്.എഫ്.കെ, തിരുവനന്തപുരത്തിന്റെ മണ്ണിൽ ജനിച്ചുവളർന്ന് ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായി മാറിയതാണെന്ന് തരൂർ ഓർമ്മിപ്പിച്ചു. മേളകളുടെ അന്തസ്സും വിജയവും അതിന്റെ തുടർച്ചയിലാണ് നിലകൊള്ളുന്നത്. സിനിമകൾ കൂടുതലായി നിർമ്മിക്കപ്പെടുന്ന നഗരത്തിൽ തന്നെ ചലച്ചിത്ര മേളയും നടത്തണമെന്ന യാതൊരു നിർബന്ധവുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്ര മേള മുംബൈയിലല്ല, മറിച്ച് ഗോവയിലാണ് നടക്കുന്നത്; വിഖ്യാതമായ കാൻ ചലച്ചിത്ര മേള നടക്കുന്നത് പാരീസിലല്ല, ഒരു തീരദേശ നഗരത്തിലാണ് എന്ന അന്താരാഷ്ട്ര ഉദാഹരണങ്ങളും തരൂർ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.

കൊച്ചിയിലെ സിനിമാ നിർമ്മാണ മേഖലയെ ശക്തിപ്പെടുത്തുന്നതിനൊപ്പം തലസ്ഥാനത്ത് ചലച്ചിത്ര മേളയുടെ സ്ഥിരം വേദി നിലനിർത്തുന്നത് പരസ്പര പൂരകങ്ങളായ കാര്യങ്ങളാണെന്നും കേരളത്തിന് ഇവ രണ്ടും ഒന്നിച്ച് വിജയകരമായി കൊണ്ടുപോകാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗോൾഡൻ ജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്ന, നിലവിൽ വേണ്ടത്ര ഉപയോഗപ്പെടുത്താത്ത തിരുവല്ലത്തെ 75 ഏക്കറോളം വരുന്ന ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സ് ഐ.എഫ്.എഫ്.കെയുടെ സ്ഥിരം ക്യാമ്പസായും വർഷം മുഴുവൻ സജീവമായ ഒരു സിനിമാ കേന്ദ്രമായും പുനർരൂപകൽപ്പന ചെയ്യണം.

ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കോവളത്തിന് തൊട്ടടുത്തുള്ള ഈ പ്രദേശം കാൻ, ഗോവ മേളകൾക്ക് സമാനമായ തീരദേശ മാന്ത്രികത സമ്മാനിക്കും. താൻ 2011 മുതൽ നിരന്തരമായി പരിശ്രമിച്ച് യാഥാർത്ഥ്യമാക്കിയ ദേശീയപാത 66 / തിരുവനന്തപുരം ബൈപ്പാസ് വഴി വിമാനത്താവളത്തിൽ നിന്നും നഗരത്തിൽ നിന്നും ചിത്രാഞ്ജലിയിലേക്കും കോവളത്തേക്കും ഇന്ന് മികച്ച യാത്രാസൗകര്യമുണ്ട്.

മലയാള സിനിമയുടെ പിതാവായ ജെ.സി. ഡാനിയേൽ തിരുവനന്തപുരത്താണ് പഠിച്ചതും കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ സ്ഥാപിച്ച് ‘വിഗതകുമാരൻ’ നിർമ്മിച്ചതും. അദ്ദേഹത്തിന്റെ പ്രതിമ ഇതിനകം ചിത്രാഞ്ജലിയിലുണ്ട്. അതുകൊണ്ടുതന്നെ മലയാള സിനിമ ജനിച്ച മണ്ണിൽ തന്നെ മേളയ്ക്ക് സ്ഥിരം മേൽവിലാസം ഒരുങ്ങുന്നതാണ് ഉചിതം. ഈ സാംസ്കാരിക നിക്ഷേപം കോവളത്തിന്റെ ടൂറിസം മേഖലയ്ക്കും വലിയൊരു ഉണർവ് നൽകുമെന്നും, ഐ.എഫ്.എഫ്.കെയ്ക്ക് അർഹമായ സ്ഥിരം വേദി ഒരുക്കുന്നതിനായി സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനൊപ്പം പ്രവർത്തിക്കാൻ താൻ താല്പര്യപ്പെടുന്നുവെന്നും തരൂർ വ്യക്തമാക്കി. മലയാള സിനിമയിലെ കുലപതിയായ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖരുടെ നിർദ്ദേശങ്ങൾ തേടി മുന്നോട്ട് പോകുമെന്നും ശശി തരൂർ എം.പി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button