പോലീസ് കൂടുതല്‍ ജനകീയമാകും; പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ആഭ്യന്തരവകുപ്പ്

തിരുവനന്തപുരം: തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, ‘പ്രോജക്ട് സീറോ’ തുടങ്ങിയ ജനകീയ പദ്ധതികള്‍ക്ക് പുറമേ പോലീസിനെ കൂടുതല്‍ ജനകീയമാക്കാനൊരുങ്ങി ആഭ്യന്തര വകുപ്പ്. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കാനൊരുങ്ങുകയാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആഭ്യന്തരവകുപ്പ്.

യു.ഡി.എഫിന്റെ കാലത്ത് ജസ്റ്റിസ് കെ. നാരായണക്കുറുപ്പ് ചെയര്‍മാനായിരുന്ന കാലത്ത് അതോറിറ്റി അതീവ സജീവമായിരുന്നു. ലോക്കപ്പ് മര്‍ദ്ദനങ്ങള്‍ക്കെതിരെയും പോലീസ് സ്റ്റേഷനുകളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെയും കര്‍ശന ഇടപെടലുകള്‍ നടത്തി. പോലീസ് സ്റ്റേഷന്‍ പരിശോധനകള്‍പോലീസ് സ്റ്റേഷനുകളില്‍ കംപ്ലയിന്റ് അതോറിറ്റിയെക്കുറിച്ചുള്ള വിവരങ്ങള്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണമെന്ന് കര്‍ശന ഉത്തരവിറക്കി. അപ്രതീക്ഷിത സ്റ്റേഷന്‍ സന്ദര്‍ശനങ്ങള്‍ പൊതുജന ശ്രദ്ധ നേടി.

അതേസമയം എല്‍.ഡി.എഫിന്റെ സമയത്ത് ജസ്റ്റിസ് വി.കെ. മോഹനന്‍ ചെയര്‍മാനായിരുന്ന കാലയളവുകളില്‍ നിരവധി കേസുകളില്‍ അന്വേഷണം നടന്നുവെങ്കിലും പല ഘട്ടങ്ങളിലും രാഷ്ട്രീയ സ്വാധീനം കാരണം അതോറിറ്റിയുടെ ഇടപെടല്‍ പരിമിതമായിരുന്നു. തുടര്‍ന്ന് ആഭ്യന്തര വകുപ്പിലെ അമിത രാഷ്ട്രീയവല്‍ക്കരണം കാരണം ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികളില്‍ അതോറിറ്റിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്ന് അന്ന് പ്രതിപക്ഷത്തായിരുന്ന യു.ഡി.എഫ് നിരന്തരം ആക്ഷേപം ഉയര്‍ത്തുകയും ചെയ്യിരുന്നു.

യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ കാലക്കേടും മാറുകയാണ്. അതോറിറ്റിയുടെ നിലവിലെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി ഘടനാപരമായ ചില മാറ്റങ്ങളും നിയമപരമായ ഇടപെടലുകളും നടത്താനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി അതോറിറ്റിക്ക് കീഴില്‍ ഒരു സ്വതന്ത്ര ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറെ അടിയന്തരമായി നിയമിക്കാന്‍ ആഭ്യന്തരവകുപ്പ് തയ്യാറെടുക്കുകയാണ്.

ഇതു സംബന്ധിച്ച് നേരത്തെ കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശവും നിലവിലുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള പരാതികള്‍ പോലീസുകാര്‍ തന്നെ അന്വേഷിക്കുന്നതിലെ സുതാര്യതക്കുറവ് പരിഹരിക്കാന്‍ ഇതിലൂടെ സാധിക്കും. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ തന്നെയാണ് ആദ്യമായി പോലീസുകാരനല്ലാത്ത ഒരു സ്വതന്ത്ര ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറെ നിയമിച്ച് പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കിയത്.

കൂടാതെ ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ നോര്‍ത്ത് സോണ്‍, സൗത്ത് സോണ്‍ എന്നിങ്ങനെ തിരിച്ച് റിട്ടയേര്‍ഡ് സെലക്ഷന്‍ ഗ്രേഡ് ജില്ലാ ജഡ്ജിമാരെ ചെയര്‍പേഴ്‌സണ്‍മാരായി നിയമിച്ച് കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴും ഒരു ‘അന്വേഷണ-ശുപാര്‍ശ’ സമിതി എന്നതിനപ്പുറം കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നേരിട്ട് ശിക്ഷാനടപടികള്‍ സ്വീകരിക്കാനുള്ള ജുഡീഷ്യല്‍ അധികാരം അതോറിറ്റിക്ക് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ മാത്രമേ അതോറിറ്റിയുടെ കണ്ടെത്തലുകളില്‍ അന്തിമ നടപടി ഉണ്ടകുകയുള്ളു.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യത്തെ പോലീസ് കസ്റ്റഡി മരണങ്ങളുടെയും ജൂഡീഷ്യല്‍ കസ്റ്റഡി മരണങ്ങളുടെയും എന്‍സിആര്‍ബി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. രാജ്യത്തിന് 2014-2026 കാലഘട്ടത്തില്‍ 1300-1800 നും ഇടയില്‍ പോലീസ് കസ്റ്റഡി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 20000-25000 നും ഇടയില്‍ ജൂഡിഷ്യല്‍ കസ്റ്റഡി മരണങ്ങള്‍ സംഭവിച്ചുവെന്നാണ് എന്‍.സി.ആര്‍.ബിയുടെയും എന്‍.എച്ച്.ആര്‍.സിയുടെയും റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. അതേസമയം കേരളത്തില്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് 16 കസ്റ്റഡി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പ്രധാന്യം വര്‍ധിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button