യു.ഡി.എഫ് ബജറ്റ് ജനദ്രോഹപരമെന്ന് വി.എൻ. വാസവൻ; കടുത്ത വിമർശനം ഉയർത്തി സി.പി.എം

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റ് തീർത്തും ജനദ്രോഹപരമാണെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ വി.എൻ. വാസവൻ ആരോപിച്ചു. മണ്ണും വിണ്ണും അദാനിക്ക് തീറെഴുതിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ വികസന പാതയിലാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ബി.ജെ.പി–കോൺഗ്രസ് അവിശുദ്ധ ബന്ധത്തിന്റെ ഏറ്റവും വലിയ തെളിവാണ് ഈ ബജറ്റെന്നും വി.എൻ. വാസവൻ ആരോപിച്ചു. “ബജറ്റ്” എന്ന പദത്തിന്റെ അർത്ഥം തുകൽ സഞ്ചിയാണെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ആ സഞ്ചിക്ക് പോലും കേരളത്തിലെ ജനങ്ങൾ നൽകാത്ത വിലയാണ് ഈ സാമ്പത്തിക രേഖയ്ക്ക് സർക്കാർ നൽകുന്നതെന്നും പരിഹസിച്ചു.

സ്വകാര്യ സാറ്റലൈറ്റ് നിർമ്മാണ കേന്ദ്രങ്ങൾ തുടങ്ങുമെന്ന പ്രഖ്യാപനം വഴി സംസ്ഥാനത്തിന്റെ ആകാശം വരെ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സ്വകാര്യ സർവകലാശാല ബില്ലിൽ നൽകിയ ഇളവുകൾ ഉന്നതവിദ്യാഭ്യാസ മേഖല കോർപ്പറേറ്റുകൾക്ക് കൈമാറുന്നതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റു കാലഘട്ടം മുതൽ പിന്തുടർന്നിരുന്ന പ്ലാനിങ് ബോർഡ് മാതൃക ഒഴിവാക്കി നരേന്ദ്ര മോദിയുടെ നീതി ആയോഗ് മാതൃകയിലേക്ക് കേരളത്തെ മാറ്റാനുള്ള ശ്രമമാണ് യു.ഡി.എഫ് നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ ബജറ്റിൽ പൂർണ്ണമായും അവഗണിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആശാ വർക്കർമാരുടെ ഓണറേറിയം 21,000 രൂപയാക്കുമെന്ന വാഗ്ദാനം നടപ്പാക്കാത്തത് ഉൾപ്പെടെ സർക്കാർ വാഗ്ദാനഭംഗം കാണിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ലൈഫ് മിഷൻ, സ്ത്രീ സുരക്ഷാ പദ്ധതികൾ, വയനാട് ടൗൺഷിപ്പ് തുടങ്ങിയ വിഷയങ്ങളിൽ ബജറ്റിൽ യാതൊരു പരാമർശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിൽ എത്തിയ ശേഷം സംസ്ഥാനത്തെ സ്വകാര്യവത്കരണത്തിലേക്ക് തള്ളിവിടുന്ന ബജറ്റിനെതിരെ കേരളത്തിന്റെ മുക്കിലും മൂലയിലും ശക്തമായ പ്രതിഷേധം ഉയരണമെന്നും വി.എൻ. വാസവൻ ആഹ്വാനം ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button