റബർ കർഷകർക്ക് ആശ്വാസം; താങ്ങുവില 250 രൂപയായി ഉയർത്തി സർക്കാർ പ്രഖ്യാപനം

തിരുവനന്തപുരം: കേരളത്തിലെ റബർ കർഷകർക്ക് ആശ്വാസമായി യുഡിഎഫ് സർക്കാരിന്റെ ബഡ്‌ജറ്റ് പ്രഖ്യാപനം. കൃഷിയ്‌ക്കും അനുബന്ധ മേഖലയ്‌ക്കുമായി ആകെ പദ്ധതി അടങ്കൽ തുകയായി 1534.98 കോടി രൂപ വകയിരുത്തിയെന്ന് പറഞ്ഞ മുഖ്യമന്ത്രി വിഡി സതീശൻ റബറിന്റെ താങ്ങുവില 250 രൂപയായി വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.
റബറിന്റെ വിലയിടിവിൽ നിന്നും കർഷകരെ സഹായിക്കുന്നതിനായി ആരംഭിച്ചിട്ടുള്ള റബർ പ്രൊഡക്ഷൻ ഇൻസന്റീവ് സ്‌കീം പ്രകാരം നിശ്ചയിച്ചിട്ടുള്ള റബറിന്റെ നിലവിലെ താങ്ങുവില ഇരുന്നൂറ് രൂപയാണ്. നിലവിലെ പ്രഖ്യാപനം വിപണിയിലെ വിലയിടിവിൽ നിന്ന് റബർ കർഷകർക്ക് വലിയ സാമ്പത്തിക സംരക്ഷണം നൽകും.അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭായോഗത്തിൽ റബറിന്റെ താങ്ങുവില 250 രൂപയായി പ്രഖ്യാപിക്കുമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്‌ദാനം.
കോട്ടയത്തെ തിരഞ്ഞെടുപ്പ് യോഗങ്ങളിലായിരുന്നു രാഹുൽ ഗാന്ധി വാഗ്‌ദാനം നൽകിയത്. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ ആദ്യ രണ്ട് മന്ത്രിസഭായോഗങ്ങളിലും ഗവർണറുടെ നയപ്രഖ്യാപനത്തിലും ഇതേക്കുറിച്ച് പരാമർശിക്കാതിരുന്നത് റബർ കർഷകരെ നിരാശയിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ റബർ കർഷകരുടെ ഏറെ നാളത്തെ ആവശ്യമാണ് ബഡ്‌ജറ്റ് പ്രഖ്യാപനത്തിലൂടെ യാഥാർത്ഥ്യമായത്.



