ഒന്നര വയസുകാരന്റെ മരണം; ശിശു സംരക്ഷണ സംവിധാനത്തോട് കടുത്ത ചോദ്യങ്ങളുമായി ഹൈക്കോടതി

തിരുവനന്തപുരം: നെടുമങ്ങാട്ട് ഒന്നര വയസുകാരൻ അർഷിദ് ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി. സ്വമേധയാ എടുത്ത കേസിലാണ് കോടതിയുടെ ഇടപെടൽ. ഒരാഴ്ചയ്ക്കകം അന്വേഷണ ഉദ്യോഗസ്ഥർ മുദ്രവെച്ച കവറിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.
കുട്ടിയുടെ മുത്തശ്ശി നേരത്തെ നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുത്തില്ലെന്നും കോടതി സർക്കാരിനോട് ചോദിച്ചു. സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് ഉണ്ടായ വീഴ്ചകളും കോടതി പരിശോധിക്കും.
മേയ് 23-നാണ് അമ്മയുടെ കാമുകനായ അഷ്‌കറിന്റെ മർദനത്തെ തുടർന്ന് അർഷിദ് മരിച്ചത്. കുട്ടിയെ ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ ശരീരത്തിൽ 91 മുറിവുകളും ഏഴ് വാരിയെല്ലുകൾ തകർന്ന നിലയിലുമുണ്ടായിരുന്നുവെന്നാണ് കണ്ടെത്തൽ.
സംഭവത്തിൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ആരോപണവും ശക്തമാണ്. കുഞ്ഞ് നിരന്തരം പീഡിപ്പിക്കപ്പെടുകയാണെന്നും ഇരുകൈകളും ഒടിഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മൂമ്മ റീന മേയ് 3-ന് ചൈൽഡ് ഹെൽപ്പ് ലൈനിൽ പരാതി നൽകിയിരുന്നുവെന്ന് പുറത്തുവന്ന ശബ്ദരേഖ വ്യക്തമാക്കുന്നു.
എന്നാൽ പരാതിക്ക് പിന്നാലെ യാതൊരു ഫലപ്രദമായ നടപടിയും ഉണ്ടായില്ലെന്നാണ് ആരോപണം. ഗുരുതരമായ പീഡന വിവരങ്ങൾ ലഭിച്ചിട്ടും വിഷയം ഗൗരവമായി കൈകാര്യം ചെയ്യാതിരുന്നതും, പരാതിക്കാരിയെ തന്നെ ചോദ്യം ചെയ്തതുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണവും, ശിശു സംരക്ഷണ സംവിധാനങ്ങളുടെ പ്രവർത്തനത്തിലെ വീഴ്ചകളും ഇനി ഹൈക്കോടതിയുടെ നിരീക്ഷണത്തിലായിരിക്കും.



