ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി; ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെ നിർണായക മാറ്റങ്ങൾ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ സംസ്ഥാന പോലീസ് തലപ്പത്ത് വൻ സ്ഥലംമാറ്റങ്ങൾ. വിമർശനങ്ങൾക്കിടയിൽ ഐപിഎസ് ഉദ്യോഗസ്ഥരുടെ പുതിയ നിയമനങ്ങളുമായി സർക്കാർ ഉത്തരവിറക്കി
ലഹരി മാഫിയയെ നേരിടാൻ കേരള പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, ആരോഗ്യ വകുപ്പ് എന്നിവ ചേർന്ന് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന സംയുക്ത പദ്ധതിയുടെ നോഡൽ ഓഫീസറായിരുന്ന പുട്ട വിമലാദിത്യയെ ഉത്തരമേഖല ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷ വിഭാഗം ഐജിയായി സതീഷ് ബിനോയെയും നിയമിച്ചതായി ഉത്തരവിൽ വ്യക്തമാക്കുന്നു.
കണ്ണൂർ റേഞ്ച് ഡിഐജിയായി കെ. കാർത്തിക്കിനെയും തൃശൂർ റേഞ്ച് ഡിഐജിയായി ടി. നാരായണനെയും നിയമിച്ചു. നേരത്തെ കണ്ണൂർ റേഞ്ച് ഡിഐജിയായി ടി. നാരായണനെ നിയമിച്ചിരുന്നെങ്കിലും അദ്ദേഹം അസൗകര്യം അറിയിച്ചതിനെ തുടർന്ന് മാറ്റം വരുത്തുകയായിരുന്നു. തൃശൂരിലേക്ക് മാറ്റിയ തിരുവനന്തപുരം കമ്മീഷണർ കെ.എസ്. കാർത്തിക്കും നേരത്തെ അതൃപ്തി അറിയിച്ചിരുന്നുവെന്ന് സൂചനയുണ്ട്.
ഇതിനിടെ തിരുവനന്തപുരം ഡിസിപിയായി ഷഹൻഷാ കെ.എസിനെ നിയമിച്ചു. ഐപിഎസ് നിയമനങ്ങളിലെ വ്യാപക അഴിച്ചുപണിക്കിടയിൽ ആഭ്യന്തര വകുപ്പിലെ നീക്കങ്ങൾക്കെതിരെ ഡിജിപി നേരത്തെ അതൃപ്തി അറിയിക്കുകയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് ആശങ്കകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
പുതിയ നിയമനങ്ങൾ സംസ്ഥാന പൊലീസ് സംവിധാനത്തിലെ പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കാനുള്ള ശ്രമമാണെന്നാണ് ഔദ്യോഗിക വിശദീകരണം.



