വാക്ക് പാലിച്ച് വിജയ് ദേവരകൊണ്ടയും രശ്മികയും; 180 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ കൈത്താങ്ങ്

ഹൈദരാബാദ്: തെലങ്കാനയിലെ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്ന പ്രഖ്യാപനം യാഥാർഥ്യമാക്കി നടൻ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും. വിവാഹവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കും റിപ്പോർട്ടുകൾക്കും പിന്നാലെ നടന്ന ഒരു ചടങ്ങിനിടെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുമെന്ന് ഇരുവരും അറിയിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ ആ വാഗ്ദാനം പാലിച്ചുകൊണ്ട് സ്കോളർഷിപ്പ് വിതരണം നടത്തിയിരിക്കുകയാണ്.
വിജയ് ദേവരകൊണ്ടയുടെ പിതാവിന്റെ സ്വദേശമായ തെലങ്കാനയിലെ തുമ്മൻപെട്ട് മേഖലയിലെ 44 സർക്കാർ സ്കൂളുകളിലെ ഒമ്പതും പത്തും ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയാണ് പദ്ധതിക്കായി തെരഞ്ഞെടുത്തത്. ആകെ 180 വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിച്ചത്.
തുമ്മൻപെട്ടിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും നേരിട്ട് പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണം ചെയ്തു. വിദ്യാഭ്യാസത്തിലൂടെ പുതിയ തലമുറയ്ക്ക് മികച്ച അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭമെന്ന് ചടങ്ങിൽ പങ്കെടുത്തവർ വ്യക്തമാക്കി.
സ്കോളർഷിപ്പിന് അർഹരായ 180 വിദ്യാർത്ഥികളുടെ പട്ടിക വിജയ് ദേവരകൊണ്ട തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചതായും റിപ്പോർട്ടുകളുണ്ട്. ഇരുവരുടെയും ഈ സാമൂഹിക ഇടപെടൽ ആരാധകരുടെയും നാട്ടുകാരുടെയും ശ്രദ്ധ നേടുകയാണ്.



