രാഷ്ട്രീയത്തിലേക്ക് വരാൻ ആഗ്രഹമെന്ന് രാഘവ ലോറൻസ്; അന്തിമ തീരുമാനത്തിന് മുമ്പ് ജനങ്ങളുടെ അഭിപ്രായം തേടി

ചെന്നൈ: തമിഴ് ചലച്ചിത്രതാരം രാഘവ ലോറൻസ് രാഷ്ട്രീയ പ്രവേശനത്തിനുള്ള തന്റെ ആഗ്രഹം പരസ്യമായി പങ്കുവെച്ചു. ജീവിതത്തിലെ നിർണായക തീരുമാനം പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്ന താരം, സംവിധായകൻ ഭാരതിരാജയുടെ നിര്യാണത്തെ തുടർന്ന് പ്രഖ്യാപനം മാറ്റിവെച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകാനുള്ള താൽപര്യം അദ്ദേഹം വെളിപ്പെടുത്തിയത്.

18 മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ, രാഷ്ട്രീയത്തിലേക്ക് വരണമോ വേണ്ടയോ എന്ന കാര്യത്തിൽ ജനങ്ങളുടെ അഭിപ്രായം തേടുന്നതായും ലോറൻസ് പറയുന്നു. “ഞാൻ രാഷ്ട്രീയത്തിലേക്ക് വരണമോ? വേണമെങ്കിൽ ‘വേണം’, വേണ്ടെങ്കിൽ ‘വേണ്ട’ എന്ന് കമന്റ് ചെയ്യൂ. ജനങ്ങളുടെ അഭിപ്രായം പരിഗണിച്ചായിരിക്കും എന്റെ അടുത്ത തീരുമാനം,” എന്നാണ് താരം വീഡിയോയിൽ പറയുന്നത്.

രാഷ്ട്രീയത്തിലേക്ക് വരാനുള്ള ആഗ്രഹത്തിന് പിന്നിലെ കാരണങ്ങളും വീഡിയോയിൽ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. വർഷങ്ങളായി നടത്തി വരുന്ന സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. തനിക്ക് വിശ്വാസവും അടുപ്പവുമുള്ള ഒരാൾ രാഷ്ട്രീയത്തിലേക്ക് വന്നാൽ അദ്ദേഹത്തോടൊപ്പം നിന്ന് പ്രവർത്തിക്കണമെന്ന ആഗ്രഹമാണ് ആദ്യം ഉണ്ടായിരുന്നതെന്നും ലോറൻസ് വ്യക്തമാക്കി.

നടൻ രജനികാന്ത് രാഷ്ട്രീയ പ്രവേശനം ആലോചിച്ചിരുന്ന കാലത്താണ് താനും രാഷ്ട്രീയത്തെക്കുറിച്ച് ഗൗരവമായി ചിന്തിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ അമ്മയുടെ എതിർപ്പ് കാരണം അന്ന് തീരുമാനം മാറ്റിവെച്ചുവെന്നും, പിന്നീട് നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോൾ വീണ്ടും ആഗ്രഹം ശക്തമായതായും ലോറൻസ് പറഞ്ഞു. ജനങ്ങൾ വിശ്വസിക്കുന്ന നേതാക്കൾക്ക് പിന്തുണ നൽകാൻ തയ്യാറാണെന്ന് വിജയിയുടെ തിരഞ്ഞെടുപ്പ് വിജയം തെളിയിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, വിജയിയുടെ നേതൃത്വത്തിലുള്ള തമിഴക കഴകവുമായി (TVK) ചേർന്ന് പ്രവർത്തിക്കാനാണ് രാഘവ ലോറൻസിന്റെ താൽപര്യമെന്ന വിലയിരുത്തലുകളും ശക്തമാണ്. വിജയ് മത്സരിച്ച് വിജയിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിൽ ടി.വി.കെ സ്ഥാനാർഥിയായി രാഘവ ലോറൻസ് എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണം ശ്രദ്ധ നേടുന്നത്. സ്ഥാനാർഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിൽ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button