‘അമ്മ’യുടെ കാരണം കാണിക്കല്‍ നോട്ടീസ്; മറുപടിയുമായി അന്‍സിബ ഹസന്‍

കൊച്ചി: താരസംഘടനയായ AMMA നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നടിയും മുൻ ജോയിന്റ് സെക്രട്ടറിയുമായ അൻസിബ ഹസൻ മറുപടി നൽകി. സംഘടനാ ചട്ടങ്ങൾക്ക് വിരുദ്ധമായി താൻ എന്ത് ചെയ്തുവെന്ന് നോട്ടീസിൽ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് അൻസിബ ഇമെയിൽ മുഖേന മറുപടി നൽകിയത്.
തന്റെ പ്രവർത്തനങ്ങൾ സംഘടനാ വിരുദ്ധമല്ലെന്നും വ്യക്തിപരമായ വിഷയങ്ങളാണ് നിലവിലെ തർക്കങ്ങൾക്ക് പിന്നിലെന്നും അൻസിബ മറുപടിയിൽ വ്യക്തമാക്കിയതായി അറിയുന്നു. ലക്ഷ്മിപ്രിയ, ടിനി ടോം എന്നിവരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ സംഘടന നടപടി സ്വീകരിച്ചില്ലെന്നും, അതിനാലാണ് താൻ വ്യക്തിപരമായ നിയമനടപടികൾ സ്വീകരിച്ചതെന്നും അവർ ചൂണ്ടിക്കാട്ടി.
സംഘടനാ നേതൃത്വവുമായി ഒത്തുതീർപ്പിനില്ലെന്ന നിലപാടിലേക്കാണ് അൻസിബയുടെ മറുപടി കത്ത് എത്തുന്നതെന്നാണ് വിലയിരുത്തൽ. മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകി സംഘടനയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണമാണ് AMMA നൽകിയ കാരണം കാണിക്കൽ നോട്ടീസിൽ ഉൾപ്പെട്ടിരുന്നത്. വ്യക്തമായ മറുപടി ലഭിക്കാത്ത പക്ഷം സംഘടനയിൽ നിന്ന് പുറത്താക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പുണ്ടായിരുന്നു.
ഈ മാസം 17-ന് മുൻപ് വിശദീകരണം നൽകണമെന്നായിരുന്നു സംഘടനയുടെ നിർദേശം. സംഘടനയ്ക്ക് ലഭിച്ച കത്തിന് പിന്നാലെ അൻസിബ ഉടൻ തന്നെ ഇമെയിൽ വഴി മറുപടി നൽകിയതായും റിപ്പോർട്ടുകൾ പറയുന്നു.
ഫെബ്രുവരി 14-ന് നടന്ന AMMA കുടുംബ സംഗമത്തിന്റെ സ്പോൺസർഷിപ്പ് ചുറ്റിപ്പറ്റിയുണ്ടായ വിവാദമാണ് സംഘടനയ്ക്കുള്ളിലെ ഇപ്പോഴത്തെ തർക്കത്തിന് തുടക്കം. ഒരു മത സ്ഥാപനത്തിന്റെ സ്പോൺസർഷിപ്പിനെതിരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ എതിർപ്പ് ഉയർന്നിരുന്നു. തുടർന്ന് ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് വിഷയത്തെ കൂടുതൽ വഷളാക്കിയത്.
ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് അൻസിബ രാജിവച്ചിരുന്നെങ്കിലും, രാജിക്ക് പിന്നിൽ വ്യക്തിപരമായ കാരണങ്ങളാണെന്ന് സംഘടനാ നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ടിനി ടോമിനെതിരെ ആരോപണങ്ങൾ ഉയർത്തി അൻസിബ രംഗത്തെത്തിയതോടെ തർക്കം കൂടുതൽ ശക്തമായി തുടരുകയാണ്.



