മുരളീധരന്റെ പഴയ നിപ വിമർശനം വീണ്ടും വൈറൽ; മറുപടിയുമായി വീണ ജോർജ്

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മുൻ ആരോഗ്യമന്ത്രി വീണ ജോർജ് രംഗത്ത്. 2021-ൽ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിപ വിഷയത്തിൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഇപ്പോഴത്തെ ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ വിമർശനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീണ ജോർജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചത്.

അന്ന് കെ. മുരളീധരൻ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പലരും തനിക്ക് അയച്ചുതന്നതായി വീണ ജോർജ് പറഞ്ഞു. എന്നാൽ അന്നത്തെ വിമർശനങ്ങളെക്കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നും “ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ” എന്നുമാണ് അവർ കുറിച്ചത്. രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുകയാണ് പ്രധാനം. അതിനായി എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നതാണ് ഇടതുപക്ഷ സമീപനമെന്നും അവർ വ്യക്തമാക്കി.

കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് നിപ രോഗം സ്ഥിരീകരിച്ചതെന്ന് ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടിയ വീണ, രോഗിക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനോടൊപ്പം രോഗവ്യാപനം തടയാനും അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതിന് മുമ്പ് തന്നെ പ്രാഥമിക പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയും അവർ ഓർമിപ്പിച്ചു.

അതേസമയം, ഷിഗെല്ല രോഗവ്യാപനവും അതീവ ഗൗരവത്തോടെ കാണേണ്ട സാഹചര്യമാണെന്ന് മുൻ ആരോഗ്യമന്ത്രി മുന്നറിയിപ്പ് നൽകി. കേരളത്തിൽ ആദ്യമായാണ് ഇത്രയധികം ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും കുഞ്ഞുങ്ങൾ, പ്രായമായവർ, മറ്റ് ഗുരുതര രോഗങ്ങളുള്ളവർ എന്നിവരിൽ രോഗം കൂടുതൽ അപകടകാരിയാകാമെന്നും അവർ ചൂണ്ടിക്കാട്ടി. സാമൂഹിക വ്യാപനം തടയാൻ ശക്തമായ പ്രതിരോധ നടപടികൾ കൈക്കൊള്ളണമെന്നും വീണ ജോർജ് ആവശ്യപ്പെട്ടു.

2021-ൽ നിപ റിപ്പോർട്ട് ചെയ്ത സമയത്ത്, “കേരളത്തിൽ മുമ്പും വവ്വാലുകൾ ഉണ്ടായിരുന്നല്ലോ, ഇപ്പോഴാണ് എന്തുകൊണ്ട് രോഗം പടരുന്നത്” എന്ന ചോദ്യം ഉയർത്തി അന്നത്തെ സർക്കാരിനെ കെ. മുരളീധരൻ വിമർശിച്ചിരുന്നു. ആ വീഡിയോ സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തിലാണ് വീണ ജോർജിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button