മറഡോണ മുതൽ മെസ്സി വരെ പ്രിയം; ലോകകപ്പിൽ അർജന്റീന കിരീടം നിലനിർത്തുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഫിഫ ലോകകപ്പിൽ അർജന്റീന വീണ്ടും കിരീടം നേടുമെന്ന പ്രതീക്ഷ പങ്കുവെച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാല്യകാലം മുതൽ ഫുട്‌ബോൾ പ്രേമിയായിരുന്ന താൻ കളിക്കളത്തിൽ ഗോൾകീപ്പറായിരുന്നുവെന്നും, മറഡോണ മുതൽ മെസ്സി വരെയുള്ള അർജന്റീനിയൻ താരനിരയോട് പ്രത്യേക ഇഷ്ടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

36 വർഷത്തെ കാത്തിരിപ്പിന് ശേഷം ഖത്തർ ലോകകപ്പിൽ അർജന്റീന ചരിത്ര നേട്ടം കൈവരിച്ചതായി ചൂണ്ടിക്കാട്ടിയ മന്ത്രി, ഇത്തവണ മെക്സിക്കോ-അമേരിക്ക-കാനഡ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലും അർജന്റീന കിരീടം നിലനിർത്തുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേർത്തു.

ലോകകപ്പിന്റെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘1 മില്യൺ തൂഫാൻ ഗോൾസ്’ പദ്ധതിയുടെ ഉദ്ഘാടനം പേരൂർക്കട അമ്പലമുക്ക് ഗ്ലോബൽ സ്‌പോർട്സ് സിറ്റിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ അധ്യക്ഷത വഹിച്ച ബ്രസീൽ ആരാധകനായ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീനുമായി ഫുട്‌ബോൾ ആരാധകരുടെ സൗഹൃദ മത്സരം പോലെ തമാശകൾ പങ്കുവെച്ചും മന്ത്രി വേദിയെ സജീവമാക്കി.

കേരള പോലീസിന്റെ ലഹരിവിരുദ്ധ ജനകീയ കാമ്പയിനായ ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ പദ്ധതിയുമായി ബന്ധിപ്പിച്ചാണ് ‘1 മില്യൺ തൂഫാൻ ഗോൾസ്’ പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 17,000 സ്‌കൂളുകളിൽ നിന്നായി 10 ലക്ഷം ‘തൂഫാൻ ഗോളുകൾ’ പിറക്കുന്നത് ലഹരിവിരുദ്ധ സന്ദേശം ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു.

കുട്ടികളെ പുകയില ഉൽപ്പന്നങ്ങളിലേക്കും മറ്റ് ലഹരി വസ്തുക്കളിലേക്കും ആകർഷിക്കുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും, മയക്കുമരുന്നിനെതിരെ സർക്കാർ സന്ധിയില്ലാത്ത പോരാട്ടമാണ് നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാതാരമെന്നോ വ്യവസായിയെന്നോ മറ്റേതെങ്കിലും സ്വാധീനമെന്നോ നോക്കാതെ ലഹരി മാഫിയകൾക്കെതിരെ കർശന നടപടി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക ആന്റി നർക്കോട്ടിക് ദിനമായ ജൂൺ 26-ന് എല്ലാ വിദ്യാർഥികളും ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കണമെന്നും, “ജീവിതമാണ് ലഹരി, ഫുട്‌ബോളാണ് ലഹരി” എന്ന സന്ദേശം സമൂഹത്തിലാകെ പ്രചരിപ്പിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. ചടങ്ങിൽ അന്താരാഷ്ട്ര ഹോക്കി താരം ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഡി. സജിത് ബാബു, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗ്, കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button