നവകേരള ബസിന് കല്ലേറില്ലെന്ന് എസ്ഐടി; കേസ് അട്ടിമറിക്കാൻ ഉന്നതരുടെ ഇടപെടലെന്നും റിപ്പോർട്ട്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി Pinarayi Vijayanയുടെ നവകേരള യാത്രയ്ക്കിടെ ബസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞെന്ന പ്രതികളുടെ വാദം തള്ളിക്കളഞ്ഞ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട്. ബസിന് നേരെ കല്ലേറുണ്ടായെന്നതിന് ഫോറൻസിക് പരിശോധനയിൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടുനിന്നതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.
നവകേരള ബസ് ആക്രമിക്കപ്പെട്ടിട്ടില്ലെന്ന് കെഎസ്ആർടിസി ഡ്രൈവർ അഭിലാഷ് മൊഴി നൽകിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബസിന് കേടുപാടുകൾ സംഭവിച്ചതായി കെഎസ്ആർടിസി മെക്കാനിക്കൽ എൻജിനീയറുടെ റിപ്പോർട്ടിലോ മറ്റ് ഔദ്യോഗിക രേഖകളിലോ പരാമർശമില്ലെന്നും എസ്ഐടി ചൂണ്ടിക്കാട്ടുന്നു.
പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെയാണ് ജാമ്യത്തെ എതിർത്തുകൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്. കോടതിക്ക് മുന്നിലെത്തിച്ച തെളിവുകൾ പോലും നശിപ്പിക്കപ്പെട്ടതായും അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ചില ഉദ്യോഗസ്ഥർ തെളിവുകളിൽ മാറ്റം വരുത്തിയതായും റിപ്പോർട്ടിൽ ആരോപണമുണ്ട്.
പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ജാമ്യം ലഭിച്ചാൽ നീതിനിർവഹണത്തെ ബാധിക്കാനിടയുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചിട്ടുണ്ട്. ബസ് തടസമില്ലാതെ മുന്നോട്ട് പോയിരിക്കെ, യെല്ലോ ബുക്ക് പ്രകാരമുള്ള ഇസഡ് പ്ലസ് സുരക്ഷ ഉറപ്പാക്കുന്നതിന് പകരം വാഹനം നിർത്തി 11 സെക്കൻഡോളം മർദനം നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 308-ാം വകുപ്പ് ചുമത്തിയത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും മർദനത്തിന്റെ സ്വഭാവം മരണസാധ്യത വരുത്തുന്ന തരത്തിലായിരുന്നുവെന്ന് വിദഗ്ധ ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നരഹത്യാശ്രമക്കുറ്റം ഉൾപ്പെടുത്തിയതെന്നും എസ്ഐടി വിശദീകരിക്കുന്നു.
2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസിലാണ് ഗൺമാൻ അനിൽ കുമാർ, എസ്കോർട്ട് പൊലീസ് ഉദ്യോഗസ്ഥരായ അരുൺ, വിപിൻ, സന്ദീപ് എന്നിവർ പ്രതികളായിരിക്കുന്നത്.



