കേരളത്തിലേക്ക് കാലവർഷത്തിന്റെ കുതിപ്പ്; അടുത്ത നാല് ദിവസത്തിനകം പ്രവേശനം

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം നാലുദിവസത്തിനുള്ളിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. നിലവിൽ ലക്ഷദ്വീപ്, കന്യാകുമാരി തീരങ്ങളിലേക്ക് കാലവർഷം വ്യാപിച്ചുകഴിഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ശക്തമായിട്ടുണ്ട്. രാജ്യത്താകമാനം ഇത്തവണ ദീർഘകാല ശരാശരിയുടെ 90 ശതമാനം മഴ മാത്രമാണ് പ്രതീക്ഷിക്കുന്നത്. പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടാകുന്ന വ്യതിയാനമായ എൽ നിനോ പ്രതിഭാസം സജീവമാകാൻ സാധ്യതയുള്ളതിനാൽ മഴ ലഭ്യത ശരാശരിയേക്കാൾ താഴാൻ 60 ശതമാനം സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
ജൂണിൽ മഴ തീരെ കുറഞ്ഞാൽ കേരളത്തിൽ വരാനിരിക്കുന്ന വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകളും ഇതിനകം ഉയർന്നിട്ടുണ്ട്. മേയ് 26-ന് എത്തുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന കാലവർഷം നേരിയ താമസത്തോടെയാണ് എത്തുന്നത്. കാലവർഷത്തിന്റെ വരവിന് മുന്നോടിയായി സംസ്ഥാനത്ത് ജൂൺ അഞ്ച് വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും, തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മുന്നറിയിപ്പ് നൽകി.



